ലക്‌നൗ: സംസ്ഥാനത്തെ ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മദ്യത്തിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനും ബീയറിനുമാണ് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണിത്. വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
നികുതി വര്‍ദ്ധനവിന്റെ ഭാഗമായി 50 പൈസ മുതല്‍ രണ്ട് രൂപ വരെ ആയിരിക്കും ഓരോ ബോട്ടില്‍ മദ്യത്തിനും വര്‍ദ്ധിപ്പിക്കുക. ഇത്തരത്തില്‍ മുന്‍പ് രാജസ്ഥാനിലും മദ്യത്തിന് 20 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. പശുക്കളുടെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു രാജസ്ഥാനും മദ്യത്തിന് നികുതി വര്‍ദ്ധിപ്പിച്ചത്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് 160 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറയിച്ചിരുന്നു. ഇതുപ്രകാരം ഓരോ ജില്ലാ പഞ്ചായത്തിനും കീഴില്‍ 750 പശു സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 16 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഓരോന്നിനും 10 കോടി രൂപ വീതമാണ് സംസ്ഥാന ഖജനാവില്‍ നിന്ന് അനുവദിച്ചിരുന്നത്.
Post Your Comments