Latest NewsKerala

സ്വകാര്യ ആശുപത്രികൾ സർക്കാർ നിശ്ചിച്ച വേതനം നഴ്‌സുമാർക്ക് നൽകണം: ഗവർണർ

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളും സർക്കാർ നിശ്ചയിച്ച വേതനം നഴ്‌സുമാർക്ക് നൽകാൻ തയ്യാറാകണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില ആശുപത്രികൾ സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകുന്നുണ്ട്. മികച്ച വേതനം ലഭിച്ചില്ലെങ്കിൽ ഈ മേഖലയിലേക്ക് കൂടുതൽ പേർ കടന്നുവരില്ല. വിദേശങ്ങളിൽ ജോലിക്കു പോകുന്ന നഴ്‌സുമാർ ആ രാജ്യങ്ങളിലെ നിയമങ്ങൾ അറിഞ്ഞിരിക്കണം. മിക്കപ്പോഴും വിദേശത്ത് നിന്ന് നഴ്‌സുമാരുടെ പരാതികൾ ലഭിക്കുന്നുണ്ട്. ഇവ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യാറുള്ളത്. നഴ്‌സിംഗിനെ വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള മാർഗം മാത്രമായി കാണരുത്. നല്ലയൊരു നഴ്‌സാകാൻ ബിരുദം മാത്രം പോര. മനുഷ്യ ജീവിതത്തെ അറിയുകകൂടി വേണം. ഇതിന് തുടർച്ചയായ പഠനം ആവശ്യമാണ്. നഴ്‌സിംഗ് കോളേജുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ നഴ്‌സിംഗിൽ ഉന്നത പഠനത്തിന് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

കേരളത്തിലെ നഴ്‌സുമാരുടെ ജോലി സാഹചര്യം കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കുന്നതിന് സമയമായി. നിപ പടർന്നു പിടിച്ച വേളയിൽ നഴ്‌സായ ലിനി ജീവൻ നൽകി നടത്തിയ സേവനത്തെ ലോകം തന്നെ അഭിനന്ദിച്ചതാണ്. ഒരിക്കലും മറക്കാനാവാത്ത സേവനമായിരുന്നു അത്. ജോലി ചെയ്യുന്ന സാഹചര്യങ്ങൾ സുരക്ഷിതമാക്കാൻ ആവശ്യമായ ഗവേഷണങ്ങൾ നടക്കണം. നഴ്‌സുമാർ രോഗികളെ മികച്ച രീതിയിൽ പരിചരിക്കുന്നതിനൊപ്പം മികച്ച ആശയവിനിമയം നടത്തുന്നവരുമാകണം. അവയവദാനവുമായി ബന്ധപ്പെട്ട നിയമങ്ങളും അവർ അറിഞ്ഞിരിക്കണം. കാരണം രോഗികളും ബന്ധുക്കളും കൂടുതൽ സംസാരിക്കുന്നത് നഴ്‌സുമാരുമായിട്ടാവും. ഏത് മേഖലയിൽ സേവനം ചെയ്യുമ്പോഴും പഠിച്ചിറങ്ങിയ സ്ഥാപനത്തെയും പഠിപ്പിച്ച അധ്യാപകരെയും മറക്കരുതെന്നും ഗവർണർ പറഞ്ഞു.

റാങ്ക് ജേതാക്കൾക്കും മികച്ച വിദ്യാർത്ഥികൾക്കും ഗവർണർ അവാർഡുകൾ സമ്മാനിച്ചു. കേരള ആരോഗ്യ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് പദ്ധതി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സർവകലാശാല വൈസ്ചാൻസലർ ഡോ. എം. കെ. സി നായർ പറഞ്ഞു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എം. ബി. എ കോഴ്‌സും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററുമായി ചേർന്നാണ് ഇത് നടത്തുക. എം. ബി. എ സായാഹ്‌ന കോഴ്‌സും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീവി, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൽ. നിർമല, നഴ്‌സസ് ആന്റ് മിഡ്‌വൈഫറി കൗൺസിൽ രജിസ്ട്രാർ പ്രൊഫ.വൽസ പണിക്കർ, നഴ്‌സിംഗ് വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. ആർ. ലത, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോളി, പി. ടി. എ പ്രസിഡന്റ് അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button