കണ്ണൂര്‍: എംടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ ‘നാലുകെട്ട്’ അറബിയിലേക്ക്. റിയാദിലെ അല്‍ മദാരിക് പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയാണ് നാലുകെട്ടിന്റെ അറബി മൊഴിമാറ്റം പ്രസിദ്ധീകരിക്കുന്നത്. മലപ്പുറം കാട്ടുമുണ്ടയിലെ മുസ്തഫയും കാളികാവിലെ അനസുമാണ് നോവല്‍ പരിഭാഷപ്പെടുത്തിയത്. രണ്ടു മാസത്തിനുള്ളില്‍ പുസ്തകം പുറത്തിറങ്ങും.
എം ടി വാസുദേവന്‍ നായരുടെ ആദ്യ നോവലാണ് നാലുകെട്ട്. 1958- ലാണ് നോവല്‍ പുറത്തിറങ്ങിയത്. 1959- ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നാലുകെട്ടിന്റെ അഞ്ചു ലക്ഷത്തിലേറെ കോപ്പികള്‍ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷടക്കം നിരവധി ഇന്ത്യന്‍ ഭാഷകളില്‍ വിവര്‍ത്തനങ്ങളുമിറങ്ങി. നായര്‍ തറവാട്ടിലെ അംഗമായ അപ്പുണ്ണിയുടെ കഥയിലൂടെയാണ് നാലുകെട്ട് പുരോഗമിക്കുന്നത്. നായര്‍ തറവാടുകളിലെ നെടുവീര്‍പ്പുകളും കണ്ണീരും മരുമക്കത്തായത്തിനെതിരെ ചോദ്യമുയര്‍ത്തുന്ന ക്ഷുഭിതയൗവ്വനങ്ങളും ഒക്കെ ചേര്‍ന്നതായിരുന്നു നോവല്‍.
അനസിന്റെയും മുസ്തഫയുടെയും രണ്ടുവര്‍ഷം നീണ്ട ഉദ്യമത്തിനാണ് നോവല്‍ പുറത്തിറങ്ങുന്നതോടെ പരിസമാപ്തിയാകുന്നത്. അബുദാബിയില്‍ ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ബഹുഭാഷാ പരിഭാഷകനാണ് മുസ്തഫ. അനസ് അഴിയൂര്‍ ജുമാ മസ്ജിദിലെ ഇമാമും. മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യസൃഷ്ടിയെന്ന നിലയിലാണ് നാലുകെട്ട് ഇവര്‍ മൊഴിമാറ്റത്തിന് തെരഞ്ഞെടുത്തത്. മൂലകൃതിയില്‍നിന്നുതന്നെയാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.
എംടിയുടെ ഭാഷയും ശൈലിയും സൗന്ദര്യവും ചോരാതെ വിവര്‍ത്തനം നടത്തുകയെന്ന ശ്രമകരമായ ദൗത്യം പരിഭാഷകര്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. നോവലില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതിക പദങ്ങള്‍ക്കും ശീലങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ചെറിയ അടിക്കുറിപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. അറബി വായനക്കാര്‍ക്ക് ഇത് ഏറെ സഹായകരമാകുമെന്ന് അനസ് പറയുന്നു. മലയാളത്തില്‍ എല്ലാവരും കൈനീട്ടി സ്വീകരിച്ച നോവലിനെ പരിചയപ്പെടുത്തുന്നതിനപ്പുറം നാലുകെട്ടിന്റെ സാഹിത്യ സംഭാവനകളും കേരളത്തിന്റെ പ്രത്യേകതകളും അറബ് ലോകത്തിന് അക്ഷരങ്ങളിലൂടെ കൈമാറാമെന്നതും പരിഭാഷകരെ ഏറെ സന്തോഷിപ്പിക്കുന്നു.
Post Your Comments