ക്വാലാലംപൂര്‍ : നാലര വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നു വീഴുന്നത് കണ്ടെന്ന് വെളിപ്പെടുത്തി ഇന്തൊനീഷ്യന്‍ മല്‍സ്യത്തൊഴിലാളി. എംഎച്ച്370 വിമാനം കടലിലേക്ക് വീഴുന്നത് കണ്ടുവെന്നും പിടിവിട്ട പട്ടം പോലെയാണ് വിമാനം കടലില്‍ വീണതെന്നും 42 കാരനായ മല്‍സ്യത്തൊഴിലാളി റുസ്ലി ഖുസ്മിന്‍ പറഞ്ഞു.
എവിടെയാണ് വിമാനം വീണതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ തന്റെ കയ്യിലുള്ള ജിപിഎസ് ഉപകരണത്തിനു സാധിക്കും. വിമാനം തകര്‍ന്നു വീണ കടലിലെ കൃത്യമായ സ്ഥലം മല്‍സ്യത്തൊഴിലാളികള്‍ ജിപിഎസിനായി ഉപയോഗിക്കുന്ന ഉപകരണത്തില്‍ രേഖപ്പെടുത്തിയിരുന്നു
റുസ്ലിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഈ കാഴ്ച കണ്ടെന്നും ജിപിഎസില്‍ ഈ സ്ഥലം രേഖപ്പെടുത്തിയെന്നും വെളിപ്പെടുത്തി. നാലര വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഈ വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെസ്റ്റ് ക്വാലാലംപൂരിനു സമീപത്തെ മലാക്കാ കടലിടുക്ക് പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. എംഎച്ച്370 വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട തായ്ലന്ഡിലെ ഫൂകെട്ട് ദ്വീപിനു സമീപത്താണ് ഈ പ്രദേശവും. വിമാനം തകര്‍ന്നു വീണ സ്ഥലത്തിന്റെ മാപ്പും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ റുസ്ലി കാണിച്ചു. ശബ്ദമില്ലാതെയാണ് വിമാനം കടലിലേക്ക് വീണതെന്നും അദ്ദേഹം പറഞ്ഞു.
‘പിടിവിട്ട പട്ടത്തെ പോലെ വിമാനം ഇടത്തു നിന്നു വലത്തോട്ടു നീങ്ങുന്നത് കാണാമായിരുന്നു. ഒരു ശബ്ദവും ഉണ്ടായിരുന്നില്ല. കടലില്‍ മുങ്ങും മുന്‍പെ കറുത്ത പുക പൊങ്ങുന്നത് കാണാമായിരുന്നു’ റുസ്ലി പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്താന്‍ കാത്തിരുന്നത് എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് റുസ്ലി മറുപടി നല്‍കിയില്ല.
Post Your Comments