തൃശൂര്‍: നിരന്തരം റേഷന്‍ വാങ്ങാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിതരണ വകുപ്പ് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് ഉത്തരവ് നല്‍കി. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഗുണഭോക്താക്കളായ അന്ത്യോദയ, മുന്‍ഗണന കാര്‍ഡുകളില്‍ 1,04,810 പേരാണ് ഈമാസങ്ങളില്‍ സബ്സിഡി അരിയും ഗോതമ്പും അടക്കം വാങ്ങാതിരുന്നത്. കഴിഞ്ഞ മൂന്നുമാസം കൊണ്ട് സംസ്ഥാനത്ത് എട്ടുലക്ഷത്തില്‍ അധികം കാര്‍ഡ് ഉടമകളാണ് റേഷന്‍ വാങ്ങാതിരുന്നത്.
അന്ത്യോദയ വിഭാഗത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസികളാണ് റേഷന്‍ വാങ്ങാത്തവരില്‍ കൂടുതല്‍. ഇടുക്കി ദേവികുളം താലൂക്കില്‍ മാത്രം ആയിരത്തില്‍ അധികം അന്ത്യോദയ വിഭാഗത്തില്‍പെട്ടവര്‍ റേഷന്‍ വാങ്ങിയിട്ടില്ല. വയനാട് ജില്ലയില്‍ 636 അന്ത്യോദയ കാര്‍ഡുകാരാണ് റേഷന്‍ വാങ്ങാത്തത്.
മുന്‍ഗണന വിഭാഗത്തില്‍ 91,000 പേരും അന്ത്യോദയ വിഭാഗത്തില്‍ 12,000 പേരും അടക്കമാണിത്. മുന്‍ഗണനേതര, സ്റ്റേറ്റ് സബ്സിഡി വിഭാഗത്തില്‍പെട്ട 4,98,783 പേരടക്കം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 6,03,590 കാര്‍ഡ് ഉടമകളാണ് റേഷന്‍ വാങ്ങാതിരുന്നത്. ഡിസംബറിലെ കണക്ക് കൂടി ലഭ്യമാകുന്നതോടെ റേഷന്‍ വാങ്ങാത്തവരുടെ എണ്ണം എട്ട് ലക്ഷത്തില്‍ അധികമാവും.
റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ താലൂക്ക് തല പട്ടിക ഇ-പോസ് വഴി വകുപ്പ് എടുത്ത് നല്‍കിയിട്ടുണ്ട്. ഈമാസം 25നകം റിപ്പോര്‍ട്ട് നല്‍കണം. അനര്‍ഹരെ ഒഴിവാക്കുന്നതിനും കൂടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഇടുക്കി,വയനാട് ജില്ലകളില്‍ അടക്കം ആദിവാസികള്‍ക്ക് ഊരില്‍ നിന്നും റേഷന്‍വാങ്ങാന്‍ എത്തുന്നതിനുള്ള അസൗകര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
Post Your Comments