ഹൈദരാബാദ‌്: നിയമസഭാ തെരഞ്ഞെടുപ്പ‌് അടുത്ത സാഹചര്യത്തിൽ തെലങ്കാനയിൽ ചന്ദ്രബാബുനായിഡുവിരുദ്ധ പക്ഷങ്ങൾ ഒന്നിക്കുന്നു. “സംയുക്തമുന്നണി’ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മകനും തെലങ്കാന രാഷ്ട്രസമിതി വർക്കിങ‌് പ്രസിഡന്റുമായ കെ ടി രാമറാവു വൈഎസ‌്ആർ കോൺഗ്രസ‌് പ്രസിഡന്റ‌് ജഗൻമോഹൻറെഡ്ഡിയുമായി കൂടിക്കാഴ‌്ച നടത്തി. മുന്നണിയുമായി സഹകരിക്കണമെന്ന‌് രാമറാവു അഭ്യർഥിച്ചതായാണ‌് വിവരം. ഹൈദരാബാദിലെ റെഡ്ഡിയുടെ വസതിയിലായിരുന്നു ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ‌്ച. സംയുക്ത മുന്നണി നീക്കത്തെ ജഗൻമോഹൻറെഡ്ഡി സ്വാഗതംചെയ‌്തു. വരുന്ന തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം കോൺഗ്രസുമായി സഹകരിച്ച‌് മത്സരിക്കാൻ തീരുമാനിച്ചതിൽ ചന്ദ്രശേഖരറാവു അതൃപ‌്തനാണ‌്.
ചർച്ചയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അമരാവതിയിൽവച്ച‌് ചന്ദ്രശേഖര റാവു റെഡ്ഡിയുമായി തനിച്ച‌് കൂടിക്കാഴ‌്ച നടത്തുമെന്നാണറിയുന്നത‌്. സംസ്ഥാനങ്ങളുടെ കാര്യങ്ങളിൽ കേന്ദ്രം തികച്ചും നിഷ‌്ക്രിയമാണെന്നും ശക്തമായ പ്രാതിനിധ്യം സഭയിലുണ്ടായാലേ ഇതിന‌് മാറ്റംവരുത്താനാവൂ എന്നുമാണ‌് ചന്ദ്രശേഖര റാവുവിന്റെ പക്ഷം. 42 എംപിമാർ ഒന്നിച്ചുനിന്നാലേ ആന്ധ്രപ്രദേശിന‌് പ്രത്യേക പദവി നേടിയെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments