കെ.വി.എസ് ഹരിദാസ്
റഫാലും ക്രിസ്ത്യൻ മിഷേലും……. രണ്ട് സംസ്കാരങ്ങളുടെ പ്രതീകങ്ങൾ; രാജ്യം കണ്ട രണ്ട് മുഖങ്ങൾ. ഒന്ന്, റഫേൽ, സത്യത്തിന്റേതും ധർമ്മത്തിന്റേതുമാണെങ്കിൽ മിഷേലും അയാൾ പ്രതിനിധാനം ചെയ്യുന്ന ആഗസ്റ്റ വെസ്റ്റ്ലാൻഡ് രാജ്യം കണ്ട വലിയ തട്ടിപ്പിന്റെ ചരിത്രമാണ് അനാവരണം ചെയ്യുന്നത്. രണ്ട് ഭരണകൂടങ്ങളുടെ സ്വഭാവവും സംസ്കാരവും അവിടെ ബോധ്യമാവുന്നു. ഒന്ന്, നരേന്ദ്ര മോദിയും ബിജെപിയും നൽകുന്ന സദ് ഭരണത്തിന്റേത്; രാജ്യതാല്പര്യത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഭരണകൂടത്തിന്റേത്. രണ്ടാമത്തേതാവട്ടെ, അഴിമതിയും കെടുകാര്യസ്ഥതയും സ്വഭാവമാക്കിയ കോൺഗ്രസിന്റെ ചരിതവും. ഒരു പൊതുതിരഞ്ഞെടുപ്പ് വർഷത്തേക്ക് കടക്കുന്ന രാജ്യം വിലയിരുത്തേണ്ട മുഖങ്ങളാണ് ഇതെല്ലാം എന്നതാണ് പ്രധാനം.
സാമാന്യേന ചിന്തിക്കുന്നവർക്കൊക്കെ അറിയാം, കഴിഞ്ഞ കുറച്ചു നാളായി കോൺഗ്രസുകാർ അപ്പാടെ വല്ലാത്ത പരിഭ്രാന്തിയിലാണ്. തലക്ക് മുകളിൽ എന്തൊക്കെയോ അപകടം രൂപപ്പെടുന്നു എന്ന തോന്നൽ. എന്തും തലയിലേക്ക് വന്നുവീണേക്കാം എന്ന ചിന്ത, ഭയപ്പാട്, ആശങ്ക. അത് സാധാരണ കോൺഗ്രസുകാരിൽ മാത്രമല്ല; മറിച്ച് ഏറ്റവും ഉന്നതിയിൽ മുതലുണ്ട് ………. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി മുതൽ താഴോട്ട്; പി ചിദംബരവും അഹമ്മദ് പട്ടേലും പരിവാരങ്ങളുമൊക്കെ എന്നാണ് അഴിയെണ്ണേണ്ടി വരിക എന്ന ആശങ്കയിലാണ് എന്നതാർക്കാണ് അറിയാത്തത്. അത്രയേറെ കേസുകൾ, ഒട്ടെല്ലാവും അഴിമതിക്കേസുകൾ, അവരെ തുറിച്ചുനോക്കുന്നു; പലതിലും വേണ്ടതിലധികം തെളിവുണ്ട് എന്നതാണ് അന്വേഷണ ഏജൻസികൾ വിലയിരുത്തിയിരിക്കുന്നത്. ‘തിഹാറിലേക്ക് എന്ന്’ എന്ന ചോദ്യമാണ് പലരെയും അലട്ടുന്നത് എന്നത് വ്യക്തം. പക്ഷെ ചില കോടതി നടപടികൾ അവർക്ക് അറിഞ്ഞോ അറിയാതെയോ തുണയാവുന്നു. കോടതിക്കാര്യമായതിനാൽ സംശയമുണ്ടെന്ന് തോന്നിയാൽ പോലും പറഞ്ഞുകൂടല്ലോ. അതാണല്ലോ നമ്മുടെ നാട്ടിലെ വ്യവസ്ഥ. പക്ഷെ ഒരേ കോടതി, ഒരേ ജഡ്ജി ഏഴും എട്ടും തവണ ഒരു കേസിൽ, ഒരാൾക്കെതിരായ പരാതിയിൽ, തീരുമാനം നീട്ടുമ്പോൾ ആരായാലും എന്തുകൊണ്ടാവാമിത് എന്നതൊക്കെ ചിന്തിച്ചുപോവുമല്ലോ. പക്ഷെ അതിലൊന്നും അബദ്ധമോ പാകപ്പിഴയോ ഇല്ല എന്നതാണ് നാം കരുതേണ്ടത്. അതാണല്ലോ നീതിന്യായ സംവിധാനത്തിൽ നമുക്കുള്ള പരിമിതിയില്ലാത്ത വിശ്വാസം. എന്തായാലും, എന്തൊക്കെ സംഭവിച്ചാലും ആത്യന്തികമായി നീതി ജയിക്കും എന്നാണ് സാധാരണ ഇന്ത്യക്കാരന്റെ മനോഗതി; കാരണം വ്യക്തം, ഇന്നാട്ടിൽ സത്യവും ധർമ്മവും തോറ്റുകൂടല്ലോ. പറഞ്ഞുവന്നത്, കോൺഗ്രസുകാരുടെ ആശങ്കകൾ യാഥാർഥ്യമാവാൻ ഏറെ സമയം വേണ്ടിവരില്ല എന്നതാണ്.
മേൽ സൂചിപ്പിച്ചത് ഒരു ആമുഖമാണ്. അതിന്റെ വിശദംശനങ്ങളിലേക്ക് കടക്കെണ്ടതുണ്ട്. അതിനൊപ്പം റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും കാണാതെ പോയിക്കൂടല്ലോ. അതാണല്ലോ ഒരു ഭരണകൂടത്തിന് ലഭിച്ച ഒരു വലിയ അംഗീകാരം. ഓരോന്നായി വിശദമായി വിലയിരുത്താം.
ആദ്യമായി ആഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാട് തന്നെയാവട്ടെ. ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായിരുന്നു അതെന്നത് ഇന്നിപ്പോൾ ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നീക്കങ്ങൾ തുടക്കം മുതലേ പ്രശ്നമായിരുന്നു. വഴിവിട്ട് പലതും നടന്നു എന്ന് ഇതിനകം വ്യക്തമായതാണ്. അത് മറ്റാരേക്കാളും നന്നായി അറിയുന്നത് അന്നത്തെ പ്രതിരോധമന്ത്രി എകെ ആന്റണിക്കാണ്. അഴിമതി നടന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണല്ലോ അദ്ദേഹം ആ ഇടപാട് തന്നെ റദ്ദ് ചെയ്തത്. അഴിമതി നടന്നു എന്ന് പറയുന്ന ആന്റണി എന്നാൽ ആരാണ് അതിൽ ഉൾപ്പെട്ടത് എന്നത് പറയുന്നില്ല. ” എപി, പൊളിറ്റിക്കൽ, ഫാമിലി” എന്നിവയൊക്കെ ആരെന്ന് അല്ലെങ്കിൽ എന്തെന്ന് പറയേണ്ടത് യഥാർഥത്തിൽ ആന്റണി തന്നെയാണ്; അത് അദ്ദേഹത്തിന് അറിയേണ്ടതാണ്, സംശയമില്ല.
ക്രിസ്ത്യൻ മിഷേലിന് ഈ ഇടപാടിന്റെ പേരിൽ കിട്ടിയ കോടികണക്കിന് വരുന്ന പണത്തിന്റെ കണക്ക്, അത് സംബന്ധിച്ച് ആഗസ്റ്റ വെസ്റ്റ്ലാന്റിന്റെ വൈസ് പ്രസിഡണ്ട് ( ഓഡിറ്റ്) ആയ ജിർജിയോ കസാന നൽകിയ വിവരങ്ങൾ; മിഷേലും ആഗസ്റ്റ വെസ്റ്റ്ലാൻഡുമായി നടത്തിയ ഇ-മെയിലുകൾ, കത്തുകൾ, ഫാക്സ് സന്ദേശങ്ങൾ ……… അങ്ങിനെ വലിയൊരു ശേഖരം ഇപ്പോൾ തന്നെ സിബിഐയുടെ കയ്യിലുണ്ട് എന്നാണ് അടുത്തിടെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്. ക്രിസ്ത്യൻ മിഷേൽ 276 കോടിരൂപ പലർക്കായി കൊടുത്തത് അല്ലെങ്കിൽ ചെലവിട്ടത് ഒക്കെ വ്യക്തമാക്കുന്നതാണ് ആ ഓഡിറ്റ് റിപ്പോർട്ട്. അത് വെറും കടലാസല്ല, ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഓഡിറ്റ് റിപ്പോർട്ടാണ്. അത് ചെറിയ കാര്യമല്ലല്ലോ. അതായത്, കേസ് തെളിയിക്കുന്നതിന് ആവശ്യമായതെല്ലാം കയ്യിൽ വെച്ചുകൊണ്ടാണ് മിഷേലിനെ നേരിടാൻ സിബിഐ പുറപ്പെട്ടത്. മാത്രമല്ല, ഇറ്റാലിയൻ കോടതി തെളിവായി ഒരിക്കൽ അംഗീകരിച്ച കടലാസുകൾ, കുറിപ്പുകൾ, മിഷേലിന്റെ കൈപ്പടയിൽ തന്നെയാണോ എന്ന് പരിശോധിക്കാൻ സിബിഐ തയ്യാറായതും കോൺഗ്രസുകാരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ആ കുറിപ്പുകളിൽ ആണല്ലോ “എപി, ഫാമിലി. പൊളിറ്റിക്കൽ ” തുടങ്ങിയ പരാമർശങ്ങൾ ഉള്ളത്. അത് മിഷേലിന്റെ കൈപ്പടയാണ് എന്ന് ഈ വിമാന നിർമ്മാണ കമ്പനിയുടെ ഇംഗ്ലണ്ടിലെ ദല്ലാൾ സിബിഐ-ക്ക് നേരത്തെ മൊഴി നൽകിയിരുന്നു എന്നതും പ്രധാനമാണ്.
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കോഴപ്പണം എത്തിക്കാനായി വ്യാജ കമ്പനികൾ തുടങ്ങുന്നത് നേരത്തെ ഇവിടെ കണ്ടിട്ടുള്ളതാണ്;എന്നാൽ യുപിഎ കാലഘട്ടത്തിൽ അത് ഒരു സമ്പ്രദായമായി, പതിവായി മാറിയിരുന്നു. എൻഡിടിവി കേസ് അതാണ് നമുക്ക് കാട്ടിത്തന്നത്. നൂറുകണക്കിന് കോടികളാണ് അങ്ങിനെ തെറ്റായ മാർഗ്ഗത്തിലൂടെ ഒഴുകിയെത്തിയത്. അതെ മാർഗമാണ് ആഗസ്റ്റാ വെസ്റ്റ്ലാൻഡ് ഇടപാടിലും ഉപയോഗപ്പെടുത്തിയത് എന്നതാണ് കണ്ടെത്തിയത്. അതിൽ പങ്കാളിയായത് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയുടെ അടുത്തയാളായ ഒരു ആയുധ ഇടനിലക്കാരനും. കോടിക്കണക്കിന് രൂപ നേരാംവണ്ണം മേൽവിലാസം പോലുമില്ലാത്ത ഒരു കമ്പനിയിലെത്തിയതാണ് സർക്കാരിനെ ചിന്തിപ്പിച്ചത്. ആ അന്വേഷണമാണ് വാദ്രയിലേക്കും സുഹൃത്ത് സഞ്ജയ് ഭണ്ഡാരിയിലേക്കും മറ്റുമെത്തിയത്. വാദ്രക്ക് ലണ്ടനിൽ വസതി വാങ്ങിക്കൊടുത്തത്, അത് നന്നായി ഫർണിഷ് ചെയ്തത്, ഓരോ മാസവും എയർ ടിക്കറ്റുകൾ കൊടുത്തത്…… അങ്ങിനെ കോടികളുടെ ഇടപാടുകൾ. ഇതൊക്കെ പുണ്യം ചെയ്തതിനാണ് എന്ന് കരുതാനാവില്ലല്ലോ . സോണിയയുടെ മരുമകൻ എന്നതിനപ്പുറം റോബർട്ട് വാദ്രക്ക് വേറെന്ത് മഹത്വമാണുള്ളത്?. സൂചിപ്പിച്ചത്, ഈ തട്ടിപ്പിൽ ആ കുടുംബവും പങ്കാളിയാണോ എന്ന സംശയം പ്രഥമദൃഷ്ട്യാ തന്നെ ജനിക്കുന്നത് അതുകൊണ്ടാണ്.
വേറൊന്ന്, ഈ ഇടപാട് നടത്തുന്നതിന് ബ്രിട്ടീഷ് സർക്കാർ നടത്തിയ ഇടപെടൽ, അതിനായി ബ്രിട്ടനിലെ ഈ വിമാനനിർമ്മാണ കമ്പനിയുടെ ദല്ലാൾ രംഗത്തുവന്നത്, അയാൾ നൽകിയ സന്ദേശങ്ങൾ, കത്തുകൾ …….. അങ്ങിനെ പലതുമുണ്ട്. അതിൽ പലതിലും ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കുടുംബത്തെ സ്വാധീനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട് എന്നത് മറന്നുകൂടാ. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർക്ക് പോലുമെഴുതിയ കത്തുണ്ട് എന്ന് കേട്ടിരുന്നുവല്ലോ. പക്ഷെ, സുരക്ഷിതമായി ദുബായിൽ കഴിഞ്ഞിരുന്ന ദല്ലാളിനെ ഒരിക്കലും ഇന്ത്യയിലെത്തിക്കാൻ കഴിയില്ലെന്നാണ് പലരും കരുതിയത്. എന്നാൽ ഒരു കാലത്തും ഒരാളും പ്രതീക്ഷിക്കാത്തതാണ് നരേന്ദ്ര മോഡി ചെയ്യുന്നത്. ആഗസ്റ്റ വെസ്റ്റ്ലാൻഡ് തട്ടിപ്പിലെ ദല്ലാൾ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിക്കുമെന്നുള്ള ചർച്ചകളെ ഒക്കെ കോൺഗ്രസുകാർ പുച്ഛിച്ചു തള്ളുകയായിരുന്നുവല്ലോ. ഇതിനേക്കാൾ വലിയ പ്രശ്നമുണ്ടായിട്ടും ഒന്നും നടന്നിട്ടില്ല, പിന്നെയാണ് നരേന്ദ്ര മോഡി എന്ന് പറഞ്ഞവരെയും അക്കാലത്ത് നാം കണ്ടു. അവർ പറഞ്ഞത് ഒട്ടാവിയോ ക്വത്തറോക്കിയുടെ കാര്യമാണ്; ബൊഫോഴ്സ് തട്ടിപ്പിലെ ദല്ലാൾ. അയാളെ ഇന്ത്യയിൽ തമ്പടിക്കാൻ അനുവദിച്ചത് രാജീവ് ഗാന്ധി പരിവാർ ആണെന്നതിൽ ആർക്കാണ് സംശയമുള്ളത്. എന്നാൽ കാര്യങ്ങൾ അപകടത്തിലേക്കായപ്പോൾ അയാളെ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചു. അയാളെ തിരികെ കൊണ്ടുവരാൻ നടത്തിയ എല്ലാ ശ്രമങ്ങളും വിജയിച്ചില്ല എന്നതോർക്കുക. അതുകൊണ്ട് ബൊഫോഴ്സ് കേസിൽ ഒരു വലിയ വീഴ്ച അല്ലെങ്കിൽ പാളിച്ച സംഭവിച്ചിട്ടുമുണ്ട്. ഇടനിലക്കാരൻ പിടിയിലായാലല്ലേ ആർക്കൊക്കെ എത്രയൊക്കെ കിട്ടി, കൊടുത്തു എന്നതൊക്കെ വ്യക്തമാവു. എന്നാൽ അതാണിപ്പോൾ ആഗസ്റ്റ വെസ്റ്റ്ലാൻഡ് തട്ടിപ്പിൽ സംഭവിച്ചത്. ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. അയാൾ നേരെ സിബിഐ കസ്റ്റഡിയിലുമായി. ഇനി ഒന്നേ അറിയേണ്ടതുള്ളൂ……. അയാൾ തയ്യാറാക്കിയ കുറിപ്പിൽ പറയുന്നവർ ആരൊക്കെയാണ്; അവർക്കൊക്കെ എത്ര വീതം കൊടുത്തു, എങ്ങിനെ കൊടുത്തു …………. അതൊക്കെ പുറത്തുവന്നാൽ ഇന്ത്യൻ പ്രതിപക്ഷ രാഷ്ട്രീയത്തിലെ ചിലരുടെ മുഖം ഏത് വിധത്തിലാവും എന്നതാണ് അഡ്വാൻസായി ഇന്ത്യയിലെ മാധ്യമ നിരീക്ഷകർ വിശകലനം ചെയ്യുന്നത്. അതിന്റെ ഷോക്ക് കോൺഗ്രസ് പരിവാറിൽ പ്രകടമാണ് താനും. ഒരു പ്രശ്നവുമില്ലെങ്കിൽ പിന്നെന്തിന് ബേജാറാവണം എന്ന് സാധാരണ ചോദിക്കാറുണ്ടല്ലോ; മടിയിൽ കനമില്ലാത്തവൻ പേടിക്കേണ്ടതില്ല എന്നും പറയാറുണ്ട്.
ഇവിടെ ആഗസ്റ്റാ വെസ്റ്റ്ലാന്റിനെ ഭയപ്പെടുന്നവരിൽ രാഷ്ട്രീയക്കാർ മാത്രമല്ല എന്നതും ഓർക്കേണ്ടതുണ്ട്. ഏതാണ്ട് നാല്പത് കോടി രൂപ അവർ മാധ്യമപ്രവർത്തകർക്കായി നീക്കിവെച്ചിരുന്നു എന്നതാണ് സൂചനകൾ. കൊഴപ്പണത്തിന്റെ വിഹിതമാവണം അതും. ഈ ഇടപാടിനെതിരെ വരുന്ന വാർത്തകൾ മുക്കുന്നതിനും ഇടപാട് യഥാവിധി നടപ്പിലാക്കാനായി അനുകൂല വാർത്തകൾ ചമയ്ക്കുന്നതിനുമാണ് ആ ‘ഒരു കൈ സഹായം’ മാധ്യമ സുഹൃത്തുക്കൾക്ക് നല്കിയതത്രെ. അതൊക്കെയും പുറത്തുവരാനുണ്ട് …… മാസാമാസമാണ് ആ തുക വേണ്ടപ്പെട്ടവർക്കൊക്കെ കിട്ടിക്കൊണ്ടിരുന്നത്. ആർക്കൊക്കെ എത്രയൊക്കെ കിട്ടി എന്നത് അറിയാനുള്ള അവകാശം നമുക്കൊക്കെ ഉണ്ടല്ലോ. അതിന്റെ ഒരു ആശങ്കയും തലസ്ഥാന നഗരിയിൽ ഇന്നിപ്പോൾ പ്രകടമാണത്രെ.
എന്തായാലും സത്യം മുഴുവൻ പുറത്തുവരും എന്നുതന്നെയാണ് എല്ലാവരും കരുതുന്നത്. സിബിഐ-യിൽ കയറി ഇടപെടാൻ ചില കോൺഗ്രസുകാർ ശ്രമിച്ചത് കൂടി ഈ വേളയിൽ ഓർക്കേണ്ടതുണ്ട്. ഈ കേസ് അന്വേഷിച്ചിരുന്നത് സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയാണ്; അയാൾക്കെതിരെ സിബിഐ ഡയറക്ടർ ഇറങ്ങിപ്പുറപ്പെട്ടതും പലതും പ്രചരിപ്പിച്ചതും മറ്റും ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ട്. ക്രിസ്ത്യൻ മിഷേൽ വരുമ്പോഴേക്ക് സിബിഐ കോൺഗ്രസിന്റെ കക്ഷത്തിലാവണം എന്ന് അവരിൽ ചിലരെല്ലാം ആഗ്രഹിച്ചിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. പക്ഷെ അതൊന്നും നടന്നില്ല. മാത്രമല്ല, കള്ളത്തരങ്ങൾ ചെയ്ത സിബിഐ ഡയറക്ടർക്ക് ഇറങ്ങിപ്പോരേണ്ടിയും വന്നിരിക്കുന്നു. ഇതൊക്കെ ശുഭസൂചകമാണ് എന്ന് കരുതുന്നയാളാണ് ഞാൻ. ( തുടരും ).
Post Your Comments