
കൊച്ചി : മത്സ്യബന്ധന ബോട്ടില്‍ വിദേശത്തേക്കു കടക്കാന്‍ അഭയാര്‍ഥികളെ മുനമ്പത്ത് എത്തിച്ചതു ക്രിമിനല്‍ സംഘമാണെന്നു രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. ഓസ്‌ട്രേലിയയില്‍ എത്തിക്കാമെന്നു വാഗ്ദാനം നല്‍കി ഇവരില്‍ നിന്നു പണം വാങ്ങി കബളിപ്പിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്. ചെറായിയില്‍ ഇവരെ സന്ദര്‍ശിച്ച സ്വദേശികളില്‍ ചിലരുടെ ക്രിമിനല്‍ പാശ്ചാത്തലവും സംശയത്തിനു ബലം നല്‍കുന്നു. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ ചേരികളില്‍ കഴിഞ്ഞിരുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയ, മലേഷ്യ, കൊറിയ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന റാക്കറ്റിന്റെ നീക്കങ്ങളാണ് പൊലീസിനു ലഭിക്കുന്നത്. താല്‍പര്യമുള്ള കുടുംബങ്ങളെ ഡല്‍ഹിയില്‍ എത്തിച്ചു വ്യാജ രേഖകള്‍ നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ക്യാംപുകളില്‍ നിന്നുള്ള മോചനവും വിദേശജോലിയും വാഗ്ദാനം ചെയ്ത് അഭയാര്‍ഥികളെ വഞ്ചിച്ചിരിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ശ്രീലങ്കന്‍ അഭയാര്‍ഥികളെ വിദേശത്തേക്കു കടത്തുന്ന മനുഷ്യക്കടത്ത് ഏജന്‍സികള്‍ തമിഴ്‌നാട്ടിലും സജീവമാണ്. വ്യാജതിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് യഥാര്‍ഥ യാത്രാരേഖകള്‍ തരപ്പെടുത്തി വിമാനത്തിലാണ് ഇവരെ വിദേശത്ത് എത്തിക്കുന്നത്.
Post Your Comments