പൊള്ളാച്ചി: അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റിവലിന് മറയൂര്‍ അതിര്‍ത്തി ഗ്രാമമായ പൊള്ളാച്ചിയില്‍ തുടക്കമായി. തമിഴ്‌നാട് വിനോദ സഞ്ചാരവകുപ്പ് സ്‌പോണ്‍സര്‍മാരുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര ബലൂണ്‍ പറക്കല്‍ സംഘടിപ്പിക്കുന്നത്. വലിയ ബലൂണിന് പുറമെ തഞ്ചാവൂര്‍ ബ്രഹദീശ്വര ക്ഷേത്ര ഗോപുര മാതൃകയിലുള്ളതും ഐസ്‌ക്രീം മാതൃകയിലുള്ളതുമായി എട്ടുതരം ബലൂണുകള്‍ പറത്തി. അമേരിക്ക, നെതര്‍ലാന്റ്, ഫ്രാന്‍സ്, പോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം എന്നിങ്ങനെ ആറുരാജ്യങ്ങളില്‍ നിന്നെത്തിച്ച പന്ത്രണ്ട് ബലൂണുകളാണ് ചുടുകാറ്റ് നിറച്ച് വാനിലുയര്‍ത്തിയത്.
രാവിലെയും വൈകിട്ടും 5.30 മുതല്‍ എട്ട് വരെയാണ് ബലൂണ്‍ വായുവില്‍ ഉയരുന്നത്. രാവിലെ സന്ദര്‍ശകര്‍ക്ക് ബലൂണില്‍ കയറി ആകാശപ്പറക്കല്‍ നടത്താന്‍ അവസരവുമുണ്ട്. ബലൂണില്‍ ആകാശപ്പറക്കല്‍ നടത്താനായി യൂറോപ്പ്, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂര്‍, ബഹറൈന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ബലൂണ്‍ സഞ്ചാരപ്രിയര്‍ പൊള്ളാച്ചിയിലെത്തിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി ബലൂണ്‍ ഫെസ്റ്റ് നടത്തിയത് 2015ല്‍ പൊള്ളാച്ചിയിലെ ഇതേ മൈതാനത്തായിരുന്നു. ആദ്യവര്‍ഷം 2000 പേര്‍ പങ്കെടുത്ത ബലൂണ്‍ ഫെസ്റ്റിവലില്‍ കഴിഞ്ഞ വര്‍ഷം 25,000 പേരാണ് പങ്കെടുത്തത്. ഇത്തവണ 50,000 പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു.
Post Your Comments