Latest NewsKerala

സ്പെഷ്യൽ സ്കൂൾ സമഗ്ര പാക്കേജ് നടപ്പിലാക്കിയില്ല; കുട്ടികളും ജീവനക്കാരും ജീവിതപ്രതിസന്ധിയിൽ ; അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം :   മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവഗണനയ്‌ക്കെതിരെ സമര പോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ സ്‌പെഷ്യല്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളുടെ സംസ്ഥാനതല യോഗം തീരുമാനിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും ജനുവരി 17ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. അനുകൂലമായ നടപടിയില്ലെങ്കില്‍ നിയമസഭ സമ്മേളനം തുടങ്ങുന്ന ജനുവരി 25 മുതൽ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കാനും തീരുമാനിച്ചു.

സ്പെഷ്യൽ സ്കൂൾ സമഗ്ര പാക്കേജ് ഉടനെ നടപ്പിലാക്കുക , എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പിലാക്കുക, സ്പെഷ്യൽ സ്കൂൾ ജീവനകാർക്ക് തുല്ല്യ ജോലിക്ക് തുല്യവേതനവും ക്ഷേമനിധിയും ജോലി സ്ഥിരതയും ഉറപ്പുവരുത്തുക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കുക , മാനസിക വെല്ലുവിളി നേരിടുന്ന 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് തൊഴിൽ പരിശീലനവും പുനരധിവാസവും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധ സമരങ്ങള്‍.

അദ്ധ്യായന വർഷം അവസാനിക്കാറായിട്ടും സ്പെഷ്യൽ സ്കൂൾ സമഗ്ര പാക്കേജ് നടപ്പിലാക്കാത്തതിനാല്‍ നൽപ്പത്തയ്യായിരത്തോളം മനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും ആറായിരത്തോളം സ്പെഷ്യൽ സ്കൂൾ ജീവനക്കാരുടെയും ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പത്രക്കുറിപ്പില്‍ അവര്‍ അറിയിച്ചു.

ഒരേ യോഗ്യതയുള്ള അദ്ധ്യാപകർക്ക് സ്പെഷ്യൽ സ്കൂളുകളിൽ ലഭിക്കുന്നത് 4500 രൂപ മുതൽ 6500 രൂപ വരെയാണ്. എന്നാൽ ബഡ്സ് സ്കൂളിൽ 30650 രൂപയും ഐഇഡി യിൽ 28 500 രൂപയും ലഭിക്കുന്നു. ആയമാർക്ക് ബഡ്സ് സ്കൂളിൽ 17325 രൂപ ലഭിക്കുമ്പോൾസ് പെഷ്യൽ സ്കൂളിൽ ലഭിക്കുന്നത് 2500 മുതൽ 3500 വരെയാണ്. മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവയുള്ള കുട്ടികളുടെ വിദ്യഭ്യാസത്തിന് സർക്കാർ ഒരു വർഷം ഒരു കുട്ടിക്ക് ചിലവഴിക്കുന്നത് 6500 രൂപ മാത്രമാണ്. എന്നാൽ ശ്രവണ – കാഴ്ചവൈകല്യമുള്ള കുട്ടികളുടെ വിദ്യഭ്യാസത്തിനായി ഒരു കുട്ടിക്ക് പ്രതിവർഷം 125000 രൂപയും . മാനസിക ശാരീരിക വൈകല്യങ്ങളുള്ള കുട്ടികൾ പഠിക്കുന്ന 288 സ്പെഷ്യൽ സ്കൂളുകളിൽ ജോലി ചെയ്യുന്ന 6000 ത്തോളം ജീവനക്കാരെ കാലാകാലങ്ങളിലായി ഭരിച്ചു വരുന്ന സർക്കാരുകൾ അവഗണിക്കുന്ന നിലപാടാണ് തുടർന്നു പോരുന്നതെന്ന് പത്രക്കുറിപ്പിലൂടെ അവര്‍ വ്യക്തമാക്കി.

സ്പെഷ്യൽ സ്കൂൾ മേഖലയോടുള്ള തെറ്റുതിരുത്തുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ 100 ൽ കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തി ഓർഡർ ഇറക്കി. എല്‍ഡിഎഫ് അവരുടെ പ്രകടനപത്രികയിൽ, ഭരണത്തിൽ വന്നാൽ മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്കൂളുകളും എയ്ഡഡ് ആക്കുമെന്ന് വാഗ്ദാനം നൽകുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താൽപര്യപ്രകാരം ഈ മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാനായി സാമൂഹ്യ നീതി സെക്രട്ടറി ശ്രീ.ബിജു പ്രഭാകറെ 2017 നവംമ്പർ 26 നിയമിക്കുകയും ഒരു മാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. നിയമസഭയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ, എംഎല്‍എ മാരുടെ ചോദ്യങ്ങൾക്കായി പലപ്പോഴായി സമഗ്ര പക്കേജ് നടപ്പാക്കുമെന്ന് പ്രഖ്യപിക്കുകയും സ്പെഷ്യൽ സ്കൂളുകൾക്കുള്ള ഗ്രാൻഡ് 40 കോടിയാക്കി ഉയർത്തുമെന്ന് ധനകാര്യ മന്ത്രി ശ്രീ.തോമസ് ഐസക് നിയമസഭയിൽപ്രഖ്യാപിക്കുകയും ചെയ്തിരുന്നതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

2018 ഓഗസ്റ്റ് 9 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗം സമഗ്രപാക്കേജ് അംഗീകരിക്കുകയും 20l8- 2019 അധ്യയന വർഷത്തിൽ തന്നെ നടപ്പിലാക്കാൻ അംഗീകാരം നൽകുകയും ചെയ്തതാണ്. എന്നാൽ അധ്യയനവർഷം തീരാറായിട്ടും സമഗ്രപാക്കേജ് ഉദ്യോഗസ്ഥ അനാസ്ഥ മൂലം നടപ്പിലാക്കാതെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. ഈ പാക്കേജ് നടപ്പിലാക്കുന്നതിലൂടെ സ്പെഷ്യൽ സ്കൂൾ മേഖലയുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നിരിക്കെ പക്കേജ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെയാണ് പ്രതിഷേധ മുയര്‍ത്താന്‍ ഒരുങ്ങുന്നതെന്ന് അവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button