ഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് അനുമതി നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ക്രമസമാധാനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ആശങ്ക ദൂരീകരിക്കും വിധം യാത്രയുടെ ഘടന മാറ്റി അപേക്ഷ സമര്‍പ്പിക്കാനും ബി.ജെ.പിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി രഥയാത്രകള്‍ സംഘടിപ്പിക്കാനായിരുന്നു ബി.ജെ.പി പദ്ധതി. ഇതിനാണ് സുപ്രീ കോടതി ഉത്തരവോടെ തിരിച്ചടി നേരിട്ടത്. അക്രമസാധ്യത ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും രഹസ്യന്വേഷണ വിഭാഗവും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുത്ത് രഥയാത്രകള്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നിഷേധിച്ചതോടെ ബി.ജെ.പി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആകില്ല. ക്രമസമാധാന പാലന ചുമതല സര്‍ക്കാരിനാണ്. യാത്രയെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും സര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാരിന്റെ ആശങ്ക ദുരീകരിക്കുന്നത് വരെ യാത്രയ്ക്ക് അനുമതി ഇല്ലന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. എന്നാല്‍ പൊതു യോഗങ്ങളും ചെറു റാലികളും നടത്താമെന്നും കോടതി വ്യക്തമാക്കി.
സമാധാനപരമായി പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പിക്ക് മൌലികമായ അവകാശമുണ്ട്. ഭരണഘടനയുടെ 19ാം അനുച്ഛേദം ഒന്നാം ഉപവകുപ്പ് ഇതിന് അനുവദിക്കുന്നു. അക്രമം ഉണ്ടാകുമെന്നത് സര്‍ക്കാരിന്റെ മുന്‍വിധിയാണ് എന്നുമായിരുന്നു കേസില്‍ ബി.ജെ.പി വാദിച്ചിരുന്നത്.
Post Your Comments