കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളത്തിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ച സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ നികുതി കുറയ്ക്കാന്‍ തയ്യാറാവാത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ഇന്ധനനികുതി കുറക്കാതിരിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയരുന്നത്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്താനാണ് മലബാര്‍ ഡവലപ്മെന്റ് ഫോറത്തിന്റെ തീരുമാനം. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ പ്രതിനിധികള്‍ അവതരിപ്പിക്കും.
കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്സും സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 28 ശതമാനം ഇന്ധന നികുതി ഈടാക്കുന്നത് നിര്‍ത്തണമെന്ന് എംകെ രാഘവന് എംപിയും നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ് നല്കുമ്പോള് പൊതുമേഖല വിമാനത്താവളമായ കോഴിക്കോടിന് ഇളവ് നല്‍കാതിരിക്കുന്നത് അനീതിയാണെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വരുന്ന 17ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ധരിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Post Your Comments