Latest NewsKerala

മത്സ്യലഭ്യത കുറഞ്ഞതോടെ ചെറുമീനുകളുടെ വില രണ്ടിരട്ടി കൂടി; കാരണം ഇതാണ്

ചാവക്കാട്: മത്സ്യലഭ്യത കുറഞ്ഞതോടെ ചെറുമീനുകള്‍ക്ക് രണ്ടിരട്ടി വില കൂടി. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള വലിയ മല്‍സ്യങ്ങളുടെ വരവു കുറഞ്ഞതോടെയാണ് ഒരാഴ്ചയ്ക്കിടെ വില കുത്തനെ കൂടിയത്. കിലോഗ്രാമിന് 60 രൂപയുണ്ടായിരുന്ന ചെറിയ അയലയ്ക്ക് 200 രൂപയോളമായി. നത്തോലി, മാന്തള്‍, മത്തി തുടങ്ങിയ മല്‍സ്യങ്ങള്‍ക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് രണ്ടിരട്ടി വിലയും കൂടി.

വലിയ വിദേശ ബോട്ടുകള്‍ അശാസ്ത്രീയമായ രീതിയില്‍ മല്‍സ്യം കോരിയെടുക്കുന്നതാണ് മത്സ്യലഭ്യത കുറയാന്‍ കാരണമെന്ന തൊഴിലാളികള്‍ ആരോപിച്ചു. കൂടാതെ ചരക്കുകപ്പലുകള്‍ തീരത്തുനിന്ന് നിശ്ചിത അകലം പാലിക്കാതെ കടന്നുപോകുന്നതും മല്‍സ്യബന്ധനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മത്സ്യം ലഭിക്കാതായതോടെ തീരത്ത് തൊഴില്‍ പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കിലോഗ്രാമിന് 80 രൂപ മാത്രം ലഭിച്ച അയല പല മാര്‍ക്കറ്റുകളിലും 200 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. തൊഴിലാളികളില്‍ നിന്ന് മല്‍സ്യം ന്യായവില നല്‍കി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ മേഖലയില്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ലാത്തതാണ് ചൂഷണത്തിനു കളമൊരുക്കുന്നത്.

ബോട്ട് കരയിലെത്തിയാല്‍ മല്‍സ്യത്തിന് പ്രതീക്ഷിച്ച വില ലഭിച്ചില്ലെങ്കില്‍ വന്‍ നഷ്ടമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കിട്ടിയ വിലയ്ക്ക് വില്‍പന നടത്തുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. മല്‍സ്യ സംഭരത്തിന്റെ കേന്ദ്രങ്ങളാണ് പ്രധാനമായും ലാഭക്കൊയ്ത്തിന്റെ കേന്ദ്രങ്ങളാവുന്നത്. തൊഴിലാളികളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മത്സ്യം വാങ്ങി ദിവസങ്ങളോളം സൂക്ഷിക്കാനുള്ള ഇത്തരം കേന്ദ്രങ്ങള്‍ തീരത്ത് വ്യാപകമാണ്. പ്രധാന മത്സ്യബന്ധന കേന്ദ്രമായ ചാവക്കാട്ട് ഇടനില സംഘങ്ങളുടെ നിരവധി മത്സ്യസൂക്ഷിപ്പു കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. വലിയ ഫ്രീസര്‍ സംവിധാനങ്ങളോടു കൂടിയ മല്‍സ്യ സൂക്ഷിപ്പുകേന്ദ്രങ്ങളില്‍ ടണ്‍ കണക്കിനു മത്സ്യം സൂക്ഷിക്കാനാകും. തൊഴിലാളികള്‍ക്ക് മത്സ്യം ലഭിക്കാത്ത സാഹചര്യങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്ന മല്‍സ്യം വന്‍ വിലയ്ക്കാണ് വില്‍പന നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button