
മുസ്‌ലിം ലീഗിന്റെ അഭിമാന തട്ടകമായ പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനുള്ള ആലോചനയാണ് ലീഗില്‍ നടക്കുന്നത്. മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് പൊന്നാനിയില്‍ മാറ്റമുണ്ടാക്കാനാവുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കും ഉണ്ട്.
സംവരണ ബില്ലിലടക്കം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ സ്വീകരിച്ച നിലപാട് സമസ്ത ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കിയതാണ് ഇ.ടിയെത്തന്നെ വീണ്ടും പാര്‍ലമെന്റിലേക്കയക്കണമെന്ന നിലപാടിലേക്ക് ലീഗിനെ നയിക്കുന്നത്.
സമുദായത്തിന് പുറത്ത് നിന്നുള്ള വോട്ടുകള്‍ നേടാന്‍ ഇ.ടി ക്കാവില്ലെന്നാണ് മറ്റൊരു വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അബ്ദുസ്സമദ് സമദാനിക്കോ, പി കെ ഫിറോസിനോ നറുക്ക് വീഴാനാണ് സാധ്യത. മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ശംസുദ്ദീനും പൊന്നാനിയില്‍ താത്പര്യമുണ്ട്.
അതേസമയം മലപ്പുറം മണ്ഡലം പോലെ അത്ര സുരക്ഷിതമല്ല പൊന്നാനിയെന്ന ആശങ്കയും ലീഗിനുണ്ട്. പൊന്നാനിയിലെ നിയമസഭാ മണ്ഡലങ്ങളില്‍ പലതും കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ മുസ്‌ലിം ലീഗിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയതാണ്. ഈ സാഹചര്യം മുതലെടുത്ത്, മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് എല്‍.ഡി.എഫ് ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ 1977 മുതല്‍ ലീഗിന് തുടര്‍ വിജയങ്ങള്‍ സമ്മാനിച്ച പൊന്നാനിയില്‍ ഇത്തവണ നല്ല മത്സരം തന്നെ നടന്നേക്കും.
Post Your Comments