
മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ ലീഗിനെ സിപിഎം ക്ഷണിച്ചത് ദുരുദ്ദേശപരമെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. ഭിന്നിപ്പിക്കുന്ന നയമാണ് സിപിഎം സ്വീകരിച്ചത്. നല്ല ഉദ്ദേശത്തോടെയല്ല സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചതെന്നും മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഏക സിവില്‍ കോഡ് വിഷയത്തില്‍ സെമിനാര്‍ നടത്തലല്ല കാര്യം. ദേശീയ തലത്തില്‍ തന്നെ ഉയര്‍ത്തി കൊണ്ടുവരേണ്ട വിഷയമാണിത്. പാര്‍ലമെന്റില്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കണം. ഇതിന് കോണ്‍ഗ്രസിന്റെ സാന്നിധ്യവും സജീവമായ നേതൃത്വവും അനിവാര്യമാണ്. ലീഗ് യുഡിഎഫിന്റെ ഘടകകക്ഷിയാണ്’, ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
‘യുഡിഎഫ് ഘടകകക്ഷി എന്ന നിലയില്‍, കോണ്‍ഗ്രസിനെ വിളിക്കാതെ തന്നെ, ലീഗിനെ മാത്രം സെമിനാറില്‍ വിളിച്ചത് തന്നെ ഭിന്നിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് നല്ല ഉദ്ദേശമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കൂട്ടായ തീരുമാനമെടുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്. യോഗത്തില്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ട എന്ന കാര്യത്തില്‍ എല്ലാവരും യോജിപ്പില്‍ എത്തുകയായിരുന്നു’, ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Post Your Comments