കാസര്‍കോട് : മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ആരംഭിച്ചു. സംയോജിത ചികിത്സാ-പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്റെ പിന്തുണയോടെ കാസര്‍കോട് ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജിയാണ് (ഐഎഡി) അക്കാദമിക സമ്മേളനം സംഘടിപ്പിക്കുന്നത്.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനംചെയ്തു. രാജ്യമെമ്പാടും സാമൂഹികമായി ഒറ്റപ്പെടല്‍ നേരിടുന്ന മന്തുരോഗികള്‍ക്ക് പ്രതീക്ഷാ കേന്ദ്രമായി മാറിയ ഐഎഡി വളരെ വലിയ സാമൂഹിക സേവനമാണ് നിര്‍വ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്ഥാപനം നടത്തിയ ആരോഗ്യമേഖലയിലെ നിശബ്ദ വിപ്ലവം ശ്ലാഘനീയമാണ്. മന്ത് രോഗത്തിന് സംയോജിത ചികിത്സയിലുടെ പരിഹാരം കണ്ടെത്തുന്നതിന് ഫലപ്രദമായ ഗവേഷണം നടത്തുന്ന സ്ഥാപനമാണ് ഐഎഡി ആധുനിക വൈദ്യം, ആയുര്‍വേദം, യോഗ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള സംയോജിത ചികിത്സയാണ് വികസിപ്പിക്കുന്നത്. ഈ മേഖലയില്‍ രാജ്യത്തെ തന്നെ ആദ്യത്തെ ഗവേഷണ സ്ഥാപനമാണ് ഐഎഡി മന്ത് രോഗ നിര്‍മാര്‍ജനത്തില്‍ ഫലപ്രദമായ ചികിത്സ വികസിപ്പിക്കുന്ന സ്ഥാപനത്തിന് നേരത്തെ കേരള സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ച് ബജറ്റില്‍ ഒരു കോടി വകയിരുത്തിയിരുന്നു.
ജില്ലയിലെ ആരോഗ്യമേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച ശിശുരോഗ വിദഗ്ധന്‍ ഡോ. എ സി പത്മനാഭനെ (കാഞ്ഞങ്ങാട്) എംഎല്‍എ ചടങ്ങില്‍ ആദരിച്ചു. ഐഎഡി ഡയറക്ടര്‍മാരായ ഡോ. എസ് ആര്‍ നരഹരി, ഡോ. കെ എസ് പ്രസന്ന, ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിലെ പ്രമുഖ ഗവേഷകന്‍ പ്രൊഫ. ടെറന്‍സ് റയാന്‍, പ്രൊഫ. എം എസ് ബേഗല്‍, അഡ്്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍ കെ പ്രജ്വല്‍ എന്നിവര്‍ സംസാരിച്ചു. 17 വരെ നടക്കുന്ന വിവിധ സെഷനുകളില്‍ അന്തര്‍ദേശീയ-ദേശീയ വിദഗ്ധരുമടക്കം നിരവധി പേര്‍ പങ്കെടുക്കും.
Post Your Comments