ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പശുക്കളെ കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കെതിരെ പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇതോടെ കുറ്റപത്രം നല്‍കാതെ ഒരു വര്‍ഷം വരെ പ്രതികളെ തടവില്‍ പാര്‍പ്പിക്കാം.
ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തില്‍ പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെടുകയും അക്രമാസക്തരായ ജനക്കൂട്ടം ഒരു ഇന്‍സ്പെകടറെ മര്‍ദ്ദിച്ചും വെടിവെച്ചും കൊലപ്പെടുത്തിയിരുന്നു. പൊലീസ് വെടിവെപ്പില്‍ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
തുടര്‍ന്ന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ചെയ്തു. കലാപത്തിന്‍റെ പേരില്‍ ഒരു കേസും പശുക്കളെ കൊന്നതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും. ഇതില്‍ പശുക്കളെ കൊന്ന കേസിലെ പ്രതികളായ അസ്ഹര്‍ ഖാന്‍, നദീം ഖാന്‍, മെഹബൂബ് അലി എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്. ഇവര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതിന് തൊട്ടുപിറകെയാണ് നടപടി.
പുറത്തിറങ്ങിയാല്‍ പ്രതികള്‍ വീണ്ടും പശുക്കളെ കൊല്ലുമെന്നും സമാധാന അന്തിരീക്ഷം തകര്‍ക്കുമെന്നും പൊലീസ് പറയുന്നു. ഇതോടെ കേസില്‍ കുറ്റപത്രം നല്‍കിയില്ലെങ്കിലും ഒരു വര്‍ഷം വരെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കില്ല. ഇതിനെതിരെ കോടതിയില്‍ പോകുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.
Post Your Comments