കൊച്ചി: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കൺസള്‍ട്ടന്‍സി സ്ഥാപന ഉടമയും ജീവനക്കാരും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു. വാഴക്കാല മലയിൽ വീട്ടിൽ ജീന തോമസിനെ (45)യാണ് റിമാൻഡ് ചെയ്തത്.
തിരുവല്ല തിരുമൂലപുരം തടത്തിൽ ഡേവിഡ് ജോസഫാണ് പൊലീസിൽ പരാതി നൽകിയത്. കളമശേരിയിൽ കുസാറ്റ് ജംക്‌ഷന് സമീപം പ്രവർത്തിക്കുന്ന ജോസ് കൺസള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജരാണ് ജീന.
Read Also : അട്ടപ്പാടി മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ സുബ്രഹ്മണ്യനെ ഇന്ന് വിസ്തരിക്കും
സ്ഥാപനത്തിന് വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളൊന്നും ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്നി, സംഗീത, അഗസ്റ്റിൻ എന്നിവരും തട്ടിപ്പിൽ പങ്കാളികളാണെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഡേവിഡിൽ നിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കൽ നിന്നു ഓരോ ലക്ഷം രൂപയും സ്ഥാപനം തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയ ശേഷം, പോളണ്ടിൽ പോകാൻ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാൻ താൽപര്യമുണ്ടോയെന്നും സ്ഥാപനം ചോദിച്ചു. ഡേവിഡ് ജോസഫ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും സഹോദരങ്ങൾ പോകുന്നില്ലെന്ന് അറിയിച്ചു. തുടർന്ന്, സഹോദരങ്ങളുടെ പാസ്പോർട്ട് തിരികെക്കിട്ടിയെങ്കിലും പണം ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ഡേവിഡ് ജോസഫിനു ജോബ് വീസ എന്നു പറഞ്ഞു നൽകിയത് ബിസിനസ് വീസയായിരുന്നു. സ്ഥാപനത്തിലെത്തി ബഹളം വച്ചപ്പോൾ 2 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതും കബളിപ്പിക്കലായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
Post Your Comments