KeralaLatest NewsIndia

കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: കേരള പൊലീസിന്റെ വന്‍ അനാസ്ഥ മൂലം കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടു. 2018 ഏപ്രിലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും 135 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട മൂന്ന് പേരാണ് കേസെടുത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്തതിനാല്‍ രക്ഷപ്പെട്ടത്. കുറ്റപത്രം റദ്ദാക്കിയ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. 24 വര്‍ഷംവരെ ശിക്ഷകിട്ടാവുന്ന കേസായിരുന്നു ഇത്.

കേസെടുത്ത ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കരുതെന്നായിരുന്നു പ്രധാനവ്യവസ്ഥ. കേസെടുത്ത ഉദ്യോഗസ്ഥനെക്കാള്‍ ഉയര്‍ന്നറാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണം കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് (എന്‍.ഡി.പി.എസ്.) പ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് കടുത്തശിക്ഷ കിട്ടാനിടയുള്ള കേസുകളിലെ അന്വേഷണം സുതാര്യമാക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രമീകരണം.

നര്‍കോട്ടിക് കേസുകളുടെ അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞവര്‍ഷം ആഗസ്‌റ്റില്‍ സുപ്രീം കോടതി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ഈ വ്യവസ്ഥ പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുറ്റപത്രം നല്‍കിയത്. പ്രതികള്‍ ഇതു ചൂണ്ടിക്കാട്ടി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചതോടെ കുറ്റപത്രം റദ്ദാക്കുകയായിരുന്നു. ആന്ധ്രയില്‍ നിന്ന് തമിഴ്നാട് വഴി മൂന്ന് കാറുകളിലാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. കേസെടുത്ത മെഡിക്കല്‍ കോളേജ് സി.ഐ. തന്നെ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയതാണ് തിരിച്ചടിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button