ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാതരുടെ ഭീഷണി. ഇ-മെയിലിലാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. നേരത്തെ കെജ്രിവാളിന്റെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഭീഷണി സന്ദേശം അയച്ച കമ്പ്യൂട്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡല്‍ഹി സൈബര്‍ പോലീസ്. ഇ-മെയില്‍ ബുധനാഴ്ച ലഭിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വരുന്നത് ഇന്നാണ്.
ഡല്‍ഹിയിലെ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ വെച്ച് കെജ്രിവാളിന് നേരെ ആക്രമണം നടന്നിരുന്നു. പിന്നാലെ അദ്ദേഹത്തിനും കുടുംബത്തിനുമുള്ള സുരക്ഷ ഇരട്ടിയാക്കാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഡല്‍ഹി പോലീസ് പരാജയമാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ സുരക്ഷക്കായി ഒരു പോലീസുകാരനെ നിയോഗിച്ചിട്ടുണ്ട്.
ഡല്‍ഹി പോലീസിലെ സൈബര്‍ സംഘമാണ് ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇ-മെയിലിന്റെ ഐ.പി അഡ്രസ് കണ്ടെത്താനായാല്‍ അന്വേഷണം കൂടുതല്‍ എളുപ്പമാകും. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments