തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടികൾ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ തന്ത്രി കുടുംബത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി ശ്രമമെന്ന് സൂചന.യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നട അടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ ദേവസ്വംബോര്‍ഡും സര്‍ക്കാര്‍ പ്രതിനിധികളും തന്ത്രിയെ വിമര്‍ശിക്കുകയും താഴ്‌മണ്‍ കുടുംബം അതിന് മറുപടി നല്‍കുകയും ചെയ്തതോടെ സർക്കാരുമായി കുടുംബം അകന്നിരുന്നു.
പത്തനംതിട്ടയില്‍ തന്ത്രികുടുംബാംഗമായ ഒരു യുവാവിനെയാകും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുക എന്നാണ് സൂചന. ഉന്നത ബിരുദധാരിയും സംസ്കൃതത്തില്‍ പാണ്ഡിത്യവുമുള്ള ഇദ്ദേഹം ആലുവ വെളിയത്തുനാട്ടില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള തന്ത്ര വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത ആളാണ് തന്ത്രി കുടുംബത്തിലെ ഈ യുവാവെന്നാണ് സൂചന.
എന്നാല്‍, ഇതിന് തന്ത്രികുടുംബം സ്ഥിരീകരണം നൽകിയിട്ടില്ല. ശബരിമല സമരത്തില്‍ പന്തളം കൊട്ടാരം ബി.ജെ.പി നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. എന്‍.എസ്.എസും പന്തളം കൊട്ടാരത്തിന്റെയും താഴമണ്‍ കുടുംബത്തിന്റെയും നിലപാടിന് ഒപ്പമാണ്. ഈ സാഹചര്യത്തിൽ ബിജെപി നീക്കം ഗുണം ചെയ്യുമെന്നാണ് സൂചന.
Post Your Comments