തിരുനെല്‍വേലി: കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ അവരെ ഏറ്റവും നല്ല സ്‌കൂളില്‍ പഠിപ്പിക്കണെ എന്നതാണ് എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹം. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്ന് മികച്ച സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മുട്ടു ന്യായങ്ങള്‍ പറഞ്ഞ് വലിയ വലിയ സ്‌കൂളുകളില്‍ ചേര്‍ക്കുന്നവരാണ് നമ്മള്‍. അതേസമയം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കേണ്ട കാര്യം പറയുമ്പോള്‍ ആദ്യം സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളെ ചേര്‍ക്കട്ടേ എന്നായിരിക്കും നമ്മുടെ മറുപടി. എന്നാല്‍ അത്തരകാര്‍ക്ക് ഉദാത്തമായ മാതൃക യാണ് ഒരു കളക്ടര്‍. സ്വന്തം മകളെ പ്ലേ സ്‌കൂളില്‍ ചേര്‍ക്കാതെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്താണ് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുന്നത്.
തിരുനെല്‍വേലി ജില്ലാ കളക്ടര്‍ ശില്‍പ പ്രഭാകര്‍ സതീഷ്. പാളയംകോട്ടെയിലെ അംഗന്‍വാടിയിലാണ് കളക്ടര്‍ മകളെ ചേര്‍ത്തത്. തിരുനെല്‍വേലിയിലെ ആദ്യത്തെ വനിത കളക്ടറാണ് ശില്‍പ.
സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള കുട്ടികളുമായി ഇടപഴകുന്നതിന് വേണ്ടിയും മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതിനും വേണ്ടിയാണ് മകളെ പ്ലേ സ്‌കൂളില്‍ ചേര്‍ക്കാതെ അംഗന്‍വാടിയില്‍ ചേര്‍ത്തത്. കളക്ട്രേറ്റിന് സമീപമാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും മികച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണെന്ന് ശില്‍പ പറയുന്നു. അതേസമയം മകളെ അംഗന്‍വാടിയില്‍ ചേര്‍ത്തതില്‍ വളരെ സന്തോഷവതിയാണെന്നും ശില്‍പ്പ കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തോളം അംഗന്‍വാടികളില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാം ഉണ്ടെന്ന് ശില്‍പ്പ പറയുന്നു. കുട്ടികളുടെ പൊക്കവും തൂക്കവും പരിശോധിക്കുന്നതിനും അരോഗ്യ നില വിലയിരുത്തുന്നതിനുമുള്ള ആപ്ലിക്കേഷനുകളുള്ള സ്മാര്‍ട് ഫോണുകളും അംഗന്‍വാടിയിലുണ്ട്. തുടര്‍ന്നും ഇത്തരത്തിലുള്ള പദ്ധതികള്‍ ആരംഭിക്കാന്‍ ആലോചനയുണ്ടെന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു. കര്‍ണ്ണാടക സ്വദേശിയാണ് ശില്‍പ്പ.
Post Your Comments