ന്യൂ ഡൽഹി : പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് അനുമതിനൽകി ജിഎസ്ടി കൗണ്‍സിൽ. പ്രളയാനന്തര പുനർനിർമാണത്തിന് കേരളത്തെ സഹായിക്കാനാണു ന്യൂ ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സുപ്രധാന തീരുമാനമുണ്ടായത്. ജിഎസ്ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകാൻ നേരത്തെ ശുപാർശ നൽകിയിരുന്നു.
പുതിയ വ്യവസ്ഥ പ്രകാരം കേരളത്തിനകത്ത് മാത്രമേ സെസ് പിരിക്കാനാകു. പുനർനിർമാണ പദ്ധതികൾക്ക് വേണ്ട ഫണ്ട് കണ്ടെത്താൻ പുറംവായ്പ പരിധി ഉയർത്താനും അനുമതിയുണ്ട്. സെസ് നിരക്ക്, കാലയളവ്, ഏതൊക്ക ഉത്പന്നങ്ങൾക്ക് മേൽ ചുമത്തും എന്നീ കാര്യങ്ങൾ കേരളത്തിന് തീരുമാനിക്കാവുന്നതാണ്. ഏത് ഉത്പന്നങ്ങൾക്ക് എത്ര ശതമാനമാണ് സെസ്സെന്നത് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു.
അതേസമയം ഈ തീരുമാനത്തോടെ പ്രകൃതിദുരന്തമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ പുനർനിർമാണത്തിനുളള ഫണ്ട് കണ്ടെത്താൻ ജിഎസ്ടി കൗൺസിലിനെ കാര്യങ്ങൾ ബോധിപ്പിച്ച് സെസ് പിരിക്കാൻ അനുമതി വാങ്ങുന്ന പുതിയ വ്യവസ്ഥയ്ക്കും വഴി തെളിഞ്ഞു.
Post Your Comments