കോഴിക്കോട്: മീ ടൂ ആരോപണങ്ങളെത്തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂറേറ്റര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയ റിയാസ് കോമു കേരള ലിറ്റററി ഫെസ്റ്റിവലില്‍. റിയാസ് കോമുവിന്റെ ഇന്‍സ്റ്റലേഷന്റെ അനുബന്ധമായ ‘ഐ ആം പ്ലൂറല്‍’ എന്ന നോട്ട്ബുക്കാണ് കേരള ലിറ്റററി ഫെസ്റ്റിവലില്‍ എത്തുന്നത്. ഫെസ്റ്റിവല്‍ പ്രതിനിധികള്‍ക്ക് ഇത് വിതരണം ചെയ്യും. കോമുവിന്റെ കലാസൃഷ്ടികള്‍ സൗന്ദര്യത്തിലുപരി സാമൂഹ്യവും രാഷ്ട്രീയവുമായ അനീതികളെക്കുറിച്ച് സംസാരിക്കുന്നവയാണെന്നാണ് ലിറ്റററി ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരും ഫെസ്റ്റിവലിന്റെ നടത്തിപ്പില്‍ പങ്കാളിയാണ്.
റിയാസ് കോമുവില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ വന്ന അജ്ഞാത സ്ത്രീയുടെ സന്ദേശമായിരുന്നു തുടക്കം. മുംബൈയില്‍ വെച്ചാണ് താന്‍ റിയാസുമായി പരിചയപ്പെട്ടതെന്നും പിന്നീട് ഒരു പ്രോജക്ടിന്റെ ചര്‍ച്ചക്കായി കൊച്ചിയിലേക്ക് വിളിച്ചുവെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നെ കടന്നു പിടിച്ച് ചുംബിച്ചുവെന്നും ഇന്‍സ്റ്റഗ്രാമില്‍ യുവതി എഴുതി.
ഇതിനു പിന്നാലെ ബിനാലെയില്‍ വോളന്റിയറായി പ്രവര്‍ത്തിച്ച ഒരു പെണ്‍കുട്ടി മുതിര്‍ന്ന ഒരു കലാകാരന്‍ തന്നെ ബലമായി പിടിച്ച് ചുംബിച്ചുവെന്ന് പങ്കുവെച്ചു. എന്നാല്‍ ഇത് ആരെക്കുറിച്ചാണെന്ന് വ്യക്തമല്ലായിരുന്നു. ആരോപണത്തെത്തുടര്‍ന്ന് ബിനാലെ മാനേജിംഗ് കമ്മിറ്റി റിയാസ് കോമുവിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നു.
Post Your Comments