തിരുവനന്തപുരം ∙ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തവർക്കായി സമരസമിതി പന്തലിട്ടതു റോഡിൽ. വാഹനങ്ങൾ തടയില്ലെന്നും ഗതാഗതതടസ്സം സൃഷ്ടിക്കില്ലെന്നുമുള്ള നേതാക്കളുടെ ഉറപ്പ് ഫലത്തിൽ കാറ്റിൽ പറത്തി. ഹർത്താലല്ല, പണിമുടക്ക് മാത്രമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിനു മുന്നിലാണു റോഡ് കയ്യേറി പന്തൽ കെട്ടിയത്.
ഇതിനൊപ്പം സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിലേക്കു നീളത്തിൽ പന്തൽ കെട്ടി കസേരകൾ നിരത്തി. പണിമുടക്കുന്നവർ ഇതേ വശത്തു റോഡരികിലുള്ള ബിജെപി സമരപ്പന്തലിലേക്കു കടന്നുകയറാതിരിക്കാൻ ഇടയ്ക്കു വാഹനങ്ങൾ നിരത്തിയിട്ടു.പൊലീസും നിലയുറപ്പിച്ചതോടെ ഇത്രയും ഭാഗത്തു ഗതാഗതം സാധ്യമാകാതെയായി. യാത്രക്കാർക്കു മാർഗതടസ്സം ഉണ്ടാക്കരുതെന്ന ഹൈക്കോടതി ഉത്തരവും ലംഘിക്കപ്പെട്ടു.
പങ്കജ് ഹോട്ടലിന് എതിർവശത്ത് ആലിൻചുവട്ടിലാണു പ്രസംഗവേദി ഒരുക്കിയത്. റോഡിന്റെ മറുഭാഗത്തു കൂടിയാണു പൊലീസ് വാഹനങ്ങൾ കടത്തിവിട്ടത്. സംയുക്ത സമരസമിതിയുടെ പ്രകടനം എത്തിയതോടെറോഡിന്റെ ഒരു വശവും സ്റ്റാച്യുവിൽ നിന്നു വൈഎംസിഎ ജംക്‌ഷനിലേക്കുള്ള റോഡും പൂർണമായി സ്തംഭിച്ചു. സമരക്കാരുടെ സൗകര്യാർഥം സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റും അടച്ചിട്ടുകൊണ്ടായിരുന്നു സമരം.
Post Your Comments