തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ രംഗത്തുവന്ന താഴമണ്‍ മഠത്തിന്റെ നടപടി ഉചിതമല്ലാത്തത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒപ്പം തന്ത്രി വിശദീകരണം നല്‍കുക തന്നെ വേണമെന്നും കടകംപള്ളി വ്യക്തമാക്കി. ദേവസ്വം നിയമവും മാനുവലും പ്രകാരമാണ് മാത്രമാണ് ഒരു തന്ത്രിമാരുടെ നിയമനം.
സുപ്രീം കോടതിയുടെ വിധിക്ക് വിരുദ്ധമായി അയിത്താചാരത്തിന്റെ പ്രശ്‌നങ്ങള്‍ അടക്കം ഉയര്‍ന്ന് വരുന്ന രീതിയിലാണ് തന്ത്രി പെരുമാറിയിരിക്കുന്നത്. ഈ നടപടി ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയുടെ മുന്നില്‍ പ്രതിക്കൂട്ടിലാകുന്ന രീതിയിലാണ്. അതുകൊണ്ട് തന്നെ ഇക്കാര്യം വിശദീകരിക്കാനുള്ള ബാധ്യത തന്ത്രിക്ക് ഉണ്ട്.
തന്ത്രിക്ക് ഇപ്പോള്‍ നല്‍കുന്നത് അലവന്‍സ് തന്നെയാണ്. അതിനൊപ്പം തന്നെ ടി.എയും ഡി.എയും നല്‍കുന്നുണ്ട്. പണ്ടുണ്ടായിരുന്നതില്‍ നിന്നും അലവന്‍സ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് നല്‍കുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments