ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ സുവര്‍ണ രാജകുമാരന്‍ വസീം ജാഫറിനെ തേടി മറ്റൊരു റിക്കാര്‍ഡ് കൂടി. രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമെന്ന റിക്കാര്‍ഡാണ് ഈ നാല്‍പതുകാരന്‍ സ്വന്തമാക്കിയത്. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ വിദര്‍ഭയ്ക്കായി ഇറങ്ങിയതോടെ 146 മത്സരങ്ങളാണ് ജാഫര്‍ പിന്നിട്ടത്. മുന്‍ മധ്യപ്രദേശ് താരം ദേവേന്ദ്ര ബുണ്ടേലയുടെ റിക്കാര്‍ഡാണ് വസീം മറികടന്നത്. രഞ്ജി ട്രോഫിയില്‍ സെഞ്ചുറി നേടിയ പ്രായം കൂടിയ താരമെന്ന റിക്കാര്‍ഡ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ജാഫര്‍ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്താടിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജാഫറിന് തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ജാഫര്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ടീമില്‍ സ്ഥിര സാന്നിധ്യമാകാനായില്ല. നിരവധി വര്‍ഷം മുംബൈയ്ക്കായി കളിച്ച ജാഫര്‍ മൂന്ന് വര്‍ഷം മുമ്പാണ് വിദര്‍ഭയിലേക്ക് കൂടുമാറിയത്. കഴിഞ്ഞ സീസണില്‍ വിദര്‍ഭ ചരിത്രത്തിലാദ്യമായി കിരീടം നേടുകയും ചെയ്തു. അതേസമയം രഞ്ജിയില്‍ 146 മത്സരങ്ങളില്‍ നിന്ന് 11,403 റണ്‍സും 39 സെഞ്ചുറികളും 84 അര്‍ധ സെഞ്ചുറികളും 191 ക്യാച്ചുകളുമാണ് ജാഫറിന്റെ സമ്പാദ്യം. രഞ്ജി ട്രോഫിയില്‍ 11,000 റണ്‍സ് തികച്ച ആദ്യ ക്രിക്കറ്ററെന്ന നേട്ടവും ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു.
Post Your Comments