ബെംഗളൂരു: ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയാക്കണമെന്ന ഡ്രൈവര്‍മാരുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യത. നിരക്ക് വര്‍ധന റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) പരിഗണനയിലാണ്. നിലവില്‍ മിനിമം നിരക്ക് (1.9 കിലോമീറ്റര്‍) 25 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപ വീതവുമാണ് ഈടാക്കുന്നത്. മിനിമം 30 രൂപയും ഓരോ കിലോമീറ്ററിന് 15 രൂപയുമാക്കണമെന്നാണ് ഓട്ടോ ഡ്രൈവര്‍മാരുടെ യൂണിയനുകള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
2013-ന് ശേഷം നഗരത്തില്‍ ഓട്ടോ നിരക്ക് ഉയര്‍ത്തിയിട്ടില്ലെന്നും ദിവസച്ചെലവ്, അറ്റകുറ്റപ്പണിക്കുള്ള ചെലവ്, മറ്റുചെലവുകള്‍ എന്നിവ വന്‍തോതില്‍ കൂടിയിരിക്കുകയാണെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. ഇന്ധനവിലയിലുണ്ടായ വര്‍ധന വന്‍തോതില്‍ ബാധിച്ചിട്ടുണ്ടെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുവേണ്ടി ഗതാഗതവകുപ്പ് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും. യാത്രക്കാര്‍ ഓണ്‍ലൈന്‍ ടാക്സികളിലേക്ക് മാറുമെന്ന് ഭയന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഓട്ടോ ഡ്രൈവര്‍മാര്‍ നിരക്കുവര്‍ധന ആവശ്യപ്പെടുന്നില്ലായിരുന്നു.
അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കനുസരിച്ച് ഭൂരിഭാഗം ഓട്ടോ ഡ്രൈവര്‍മാരും സര്‍വീസ് നടത്താറില്ലെന്നാണ് യാത്രക്കാരുടെ പരാതി. മിക്ക ഡ്രൈവര്‍മാരും മിനിമം 50 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ വീതവുമാണ് ആവശ്യപ്പെടുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. രാത്രിയാണെങ്കില്‍ ഇരട്ടി നിരക്കാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഈടാക്കുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.
അതിനിടെ 25,000 ഓട്ടോകള്‍ക്കുകൂടി അനുമതി നല്‍കാനൊരുങ്ങുകയാണ് ഗതാഗതവകുപ്പ്. കൂടുതല്‍ ഓട്ടോകള്‍ക്ക് സര്‍വീസ് അനുമതി നല്‍കാനുള്ള ഗതാഗതവകുപ്പിന്റെ തീരുമാനത്തെ ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ എതിര്‍ത്തു. ഇതിനെതിരേ ജനുവരി എട്ടിന് പണിമുടക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് അനുമതി നല്‍കിയാല്‍ ഈ മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ഡ്രൈവര്‍മാരുടെ യൂണിയന്‍ ആരോപിച്ചു. നിലവില്‍ നഗരത്തില്‍ 1.25 ലക്ഷം ഓട്ടോ റിക്ഷകള്‍ക്കാണ് അനുമതിയുള്ളത്. 50,000-ത്തോളം ഓട്ടോകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നുണ്ടെന്നാണ് വിവരം.
Post Your Comments