Latest NewsKerala

എന്‍.എസ്.എസിനെതിരെ എല്‍.ഡി.എഫ്

തിരുവനന്തപുരം•എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ തുടര്‍ച്ചയായി നടത്തുന്ന പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാന രഹിതവുമാണ്‌. ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയുടെ തലപ്പത്തിരുന്ന്‌ പ്രസ്‌താവനയിറക്കുമ്പോള്‍ പാലിക്കേണ്ടുന്ന സാമാന്യ മര്യാദ പോലും സുകുമാരന്‍ നായര്‍ ലംഘിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചത്‌ സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതവും സമാനതകളില്ലാത്തതുമായ കലാപമാണ്‌. പൊടുന്നനെ ഉണ്ടായ ഒരു പ്രകോപനത്തിന്റെ ഭാഗമായല്ല സംസ്ഥാനത്തുടനീളം ബോംബും മാരകായുധങ്ങളുമായി ആര്‍.എസ്‌.എസുകാരും ബി.ജെ.പിക്കാരും അഴിഞ്ഞാടിയതെന്ന്‌ ഏവര്‍ക്കും മനസ്സിലായ കാര്യമാണ്‌. എന്നിട്ടും എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി പറയുന്നത്‌ സ്വാഭാവിക പ്രതികരണമെന്നാണ്‌. ഇതുവഴി സംഘപരിവാര്‍ അഴിഞ്ഞാട്ടത്തെ സുകുമാരന്‍ നായര്‍ ന്യായീകരിക്കുകയാണ്‌.

ഒരു വശത്ത്‌ സമദൂരം പറയുകയും മറുവശത്ത്‌ ആര്‍.എസ്‌.എസ്‌ പ്രണയം തുടരുകയുമെന്നത്‌ ബി.ജെ.പി അക്രമികള്‍ക്കുള്ള പരോഷ പിന്തുണയാണ്‌. പൂര്‍വ്വികര്‍ പുലര്‍ത്തിയ നവോത്ഥാന മൂല്യങ്ങളും മതനിരപേക്ഷ സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിന്‌ പകരം ഈ നിലയിലേക്ക്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ആ പദവിയെ ഇകഴ്‌ത്തിയിരിക്കുകയാണ്‌. എന്‍.എസ്‌.എസ്സിനെ ഒരു സംഘപരിവാര്‍ സംഘടനയായി തരംതാഴ്‌ത്തുന്നൂവെന്ന്‌ സംശയിക്കാവുന്ന തരത്തിലാണ്‌ അതിന്റെ സെക്രട്ടറിയുടെ തുടര്‍ച്ചയായ പ്രസ്‌താവനകള്‍.

സമുദായ സംഘടന എന്ന നിലയില്‍ ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ എന്‍.എസ്‌.എസിന്‌ സ്വന്തം നിലപാട്‌ എടുക്കാന്‍ അവകാശമുണ്ട്‌. എന്ന്‌ വെച്ച്‌ ആ നിലപാട്‌ എല്ലാവരിലും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും, സ്‌ത്രീപ്രവേശനകാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ നിലപാടിനെ വക്രീകരിക്കുകയും ചെയ്യുന്നത്‌ വിചിത്രമാണ്‌. യുവതീ പ്രവേശനത്തിലൂടെ ആചാരം ഇല്ലാതാക്കി നിരീശ്വരവാദം പ്രചരിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ എന്‍.എസ.്‌എസ്‌ ജനറല്‍ സെക്രട്ടറി പറയുന്നതിന്‌ വസ്‌തുതകളുടെ പിന്‍ബലമില്ല. അങ്ങനെയെങ്കില്‍ ശബരിമലയില്‍ ആരും കയറേണ്ടതില്ല എന്നല്ലേ സര്‍ക്കാര്‍ പറയേണ്ടത്‌.

എന്നാല്‍ സര്‍ക്കാര്‍ ഇതിനകം നിലപാട്‌ അസന്നിഗ്‌ധമായി വ്യക്തമാക്കിയിട്ടുണ്ട്‌. വിശ്വാസത്തിനോ വിശ്വാസികള്‍ക്കോ ഒരുതരിപോലും സര്‍ക്കാര്‍ എതിരല്ല. അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്നും പിന്‍മാറാന്‍ പറ്റില്ല. വിധിയുടെ പേരില്‍ ഏതെങ്കിലും ഒരാളെ നിര്‍ബന്ധിച്ച്‌ കൊണ്ടുപോകാനും സര്‍ക്കാരില്ല. ഇത്രയും വ്യക്തമായ നിലപാടായിട്ടുകൂടി സര്‍ക്കാരിനെ പഴിചാരുന്നതിന്‌ പിന്നില്‍ മറ്റെന്തെക്കെയോ ലക്ഷ്യങ്ങളാണ്‌ ഉള്ളതെന്നത്‌ വ്യക്തമാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button