തിരുവനന്തപുരം: കലാപകാരികളെ സംരക്ഷിക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായരുടെ വാക്കുകള്‍ കലാപാഹ്വാനം പോലെയാണെന്നും കടകംപള്ളി വ്യക്തമാക്കി.
വളരെ വലിയ നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എന്‍എസ്എസ്. ജാതി മത വിവേചനങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളില്‍ വലിയ താല്‍പ്പര്യത്തോടെ എന്‍എസ്എസ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ എന്‍എസ്എസിന്റെ ഈ രീതി അത്ഭുതപ്പെടുത്തുന്നുവെന്നും വിശ്വാസം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മതത്തിന്‍റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അരാജകത്വം ഉണ്ടാക്കുകയും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരത്തില്‍ എത്താന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ഒരു കക്ഷിയാണ് ബിജെപിയും ആര്‍എസ്എസും. അവരെ പിന്തുണക്കുന്ന ഒരു സമീപനവും എന്‍എസ്എസ് സ്വീകരിക്കാന്‍ പാടില്ലെന്നും കടകംപള്ളി പറഞ്ഞു.
അതേസമയം സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങൾക്ക് കാരണം സർക്കാരാണെന്നാണ് എൻ എസ് എസ് പറഞ്ഞത് . നവോത്ഥാനത്തിന്റെ പേരിൽ നിരീശ്വര വാദം സർക്കാർ പ്രചരിപ്പിക്കുന്നു. സർക്കാർ പരാജയപ്പെടുമ്പോൾ ജനങ്ങൾ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
Post Your Comments