തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്കും കലാപത്തിനും മുഴുവന്‍ കാരണം സര്‍ക്കാരാണെന്ന എന്‍എസ്എസ് ജനറല്‍ സെട്ട്രറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍എസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങള്‍ കാണുന്നത്. സമൂഹത്തെ വിശ്വാസത്തിന്റെ പേരില്‍ വിഭജിച്ച് ഇടതുപക്ഷത്തെ എതിര്‍ക്കുന്ന എന്‍എസ്എസിന്റെ ശ്രമം നടക്കില്ലെന്ന് കാനം പറഞ്ഞു.
അതേസമയം ജി സുകുമാരന്‍ നായരുടെ പ്രസ്താവനയെ എതിര്‍ത്ത് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ.പി ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും രംഗത്തെത്തിയിരുന്നു. എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതെന്നും അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നതെന്നും മന്ത്രി ജയരാജന്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ കലാപശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന പ്രസ്താവനയാണ് എന്‍എസ്എസിന്റേത്. ആചാരത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള പടയൊരുക്കം ആര്‍എസ്എസിനെ സഹായിക്കാനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരംപിടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന് കുടപിടിക്കുന്ന സമീപനം എന്‍എസ്എസ് പോലുള്ള പ്രസ്ഥാനത്തിന് പാടില്ലാത്തതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ സുകുമാരന്‍ നായരുടെ പ്രസ്താവന കലാപ ആഹ്വാനം പോലെയാണെന്നും ഇത് അത്ഭുതപ്പെടുത്തുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments