Latest NewsKerala

പുനർനിർമാണം അതിബൃഹത്തായ കർത്തവ്യം; ജീവനക്കാർ ഉണർന്നു പ്രവർത്തിക്കണം – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം•പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം അതിബൃഹത്തായ കർത്തവ്യമാണെന്നും ഇക്കാര്യത്തിൽ സർക്കാർ ജീവനക്കാർ ഉണർന്നു പ്രവർത്തിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. പണ്ടത്തെ അവസ്ഥയിലല്ല, കൂടുതൽ മെച്ചപ്പെട്ട കേരളത്തെ വാർത്തെടുക്കാനാണ് നാം ശ്രമിക്കുന്നത്. കാലവർഷക്കെടുതിയെ മറികടക്കുന്നതിൽ വലിയ തോതിലുള്ള കരുത്തും അർപ്പണവും ജീവനക്കാർ പ്രകടിപ്പിച്ചു. എല്ലാ വകുപ്പുകളും ഏകോപനത്തോടെ ഇടപെട്ട ഘട്ടമാണ് പ്രളയഘട്ടം. പഴയ ഘട്ടത്തിൽ കാണിച്ച ഏകോപനവും അർപ്പണബോധവും ഇനിയുമുണ്ടാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനർനിർമാണവും സിവിൽസർവീസും എന്ന വിഷയത്തിൽ ഒളിമ്പിയ ചേമ്പറിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട് ആർജിച്ച മതനിരപേക്ഷതയുടെ കരുത്താണ് ഈ പ്രളയത്തെ മറികടക്കാൻ പ്രാപ്തമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഭിന്നതകളും മറന്ന് ഒന്നായി നിൽക്കാൻ ഇടയാക്കിയത് ഈ കൂട്ടായ്മയാണ്. നവോത്ഥാനമൂല്യങ്ങളും ഇത്തരം മതനിരപേക്ഷബോധം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. സ്ത്രീപുരുഷതുല്യത അംഗീകരിച്ച് മുന്നോട്ടുകൊണ്ടുപോയി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച നാടാണ് കേരളം. അത്തരം നാട്ടിൽ ചില അപശബ്ദങ്ങൾ ഉയരുന്നു എന്നത് ശ്രദ്ധിക്കണം. നവോത്ഥാനമൂല്യങ്ങളും മതനിരപേക്ഷ സംസ്‌കാരവും ജീവിതശൈലിയായി മുന്നോട്ടുകൊണ്ടുപോവാൻ എല്ലാ സംഘടനകളും ഇടപെടണം. പുനർനിർമാണത്തിൽ പ്രധാനപങ്ക് വഹിക്കേണ്ട ജീവനക്കാർക്ക് ഈ കാഴ്ചപ്പാട് ഉണ്ടാകണം. പുരോഗമന, മതനിരപേക്ഷ ധാരകളെ ശരിയായ രീതിയിൽ സമന്വയിപ്പിച്ച് മുന്നോട്ടുകൊണ്ടുപോയാലെ സുസ്ഥിരകേരളത്തെ പുനർനിർമിച്ചു എന്ന് അഭിമാനിക്കാനാവൂ.

പുനർനിർമാണത്തിനൊപ്പം വികസനപ്രവർത്തനങ്ങൾ സമാന്തരമായി മുന്നോട്ടുകൊണ്ടുപോവുമ്പോഴാണ് നവകേരളം സാധ്യമാവുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഭരണയന്ത്രം ഫലപ്രദമായി ചലിക്കണം. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് രൂപീകരിച്ചത് ഈ ഉദ്ദേശ്യത്തോടെയാണ്. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഉറപ്പുവരുത്തിയാണ് ഈ സംവിധാനം നടപ്പാക്കുക. സംസ്ഥാനം പുനർനിർമാണത്തിന്റെ പ്രധാനവഴിയായി മുന്നോട്ടുവയ്ക്കുന്നത് ക്രൗഡ് ഫണ്ടിങ്ങാണ്. ഇനിയൊരു പ്രളയമുണ്ടായാൽ തകർന്നുപോവാത്ത നിർമാണങ്ങളാണ് വിഭാവന ചെയ്യുന്നത്. ഇപ്പോഴത്തെ പ്രളയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ ആയി മാപ്പ് ചെയ്യുകയാണ്. ഇത് കേരളത്തിന്റെ ചരിത്രത്തിൽ പുതിയ ചുവടുവയ്പ്പാണ്. പുനർനിർമാണം സുസ്ഥിരതയെ ബലികഴിച്ചുകൊണ്ടാകരുത് എന്നാണ് അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനർനിർമാണത്തിന് സുസ്ഥിരസംവിധാനങ്ങൾ ഏർപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഉദ്ദേശ്യം. അത് ഉറപ്പുവരുത്താനുള്ള ചുമതലയും സർവീസ് മേഖലയ്ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button