കൊച്ചി: വിസ വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ഥികളില്‍നിന്നു 10 കോടി രൂപ തട്ടിയെടുത്ത കേസിലെ നാല് പ്രതികള്‍. ഒബിഒഇ ഓവര്‍സീസ് എജ്യുക്കേഷന്‍ പ്ലേസ്മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കോഴിക്കോട് ചാത്തമംഗലം അരുണ്‍ദാസ് (28), ഡയറക്ടര്‍ പാലക്കാട് മങ്കര ചിത്ര.സി. നായര്‍ (26), സിഇഒ കോയമ്പത്തൂര്‍ വളവടി ശാസ്തകുമാര്‍ (46), മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് കണ്ണൂര്‍ മട്ടന്നൂര്‍ എളമ്പാല വിഷ്ണു (24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ 400 ഉദ്യോഗാര്‍ഥികളെ തട്ടിപ്പിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു.
കോയമ്പത്തൂര്‍, കലൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്ഥാപനം ആരംഭിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇവരുടെ ഓഫീസിലെത്തി പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ നല്‍കാതായതോടെയാണ് ഇവര്‍ക്ക് സംശയം തോന്നിയത്. അതേസമയം പള്ളുരുത്തി സ്വദേശി എബിന്‍ ഏബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിന്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെടെ 6 പേരില്‍ നിന്നു 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
പ്രതികള്‍ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
Post Your Comments