ശബരിമല തന്ത്രിയുടെയും പന്തളം രാജകുടുംബത്തിന്റെയും അധികാര- അവകാശങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഒരു ഹര്‍ജിയിലെ ഉത്തരവ് എന്തുകൊണ്ടോ രാജ്യം ശ്രദ്ധിക്കാതെപോയി. ഹര്‍ജിക്കാരന്‍ ഉന്നയിച്ചത് മതപരമായ ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ എന്നിവ സംബന്ധിച്ച പ്രശ്‌നമാണ് എന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്താന്‍ ഹര്‍ജിക്കാരന് ആയില്ലെന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എകെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ശബരിമല വിഷയം ഇത്രയേറെ വിവാദമായിട്ടുള്ള ഈ വേളയില്‍ ഈ ഉത്തരവ് എന്തുകൊണ്ട് മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോയി എന്നത് ദുരൂഹമാണ്. ഇത് സര്‍ക്കാരിനും സിപിഎമ്മിനും കനത്ത ആഘാതമാണ് എന്നതില്‍ സംശയമില്ല.
നാല് പ്രധാന വിഷയങ്ങളാണ് കോടതി മുന്‍പാകെ ഉന്നയിച്ചത്. അത് സംബന്ധിച്ച പ്രഖ്യാപനം കോടതിയില്‍ നിന്നുണ്ടാവണം എന്നും ആവശ്യപ്പെട്ടിരുന്നു.
ഒന്ന്: ശബരിമല ക്ഷേത്രത്തിന്മേലോ അതിന്റെ ആസ്തികളിലോ പന്തളം രാജ കുടുംബത്തിന് ഒരു അവകാശവുമില്ല, അധികാരവുമില്ല.
രണ്ട് : താഴമണ്‍ തന്ത്രി കുടുംബത്തിന് ശബരിമലയിലോ മറ്റ് ക്ഷേത്രങ്ങളിലോ താന്ത്രിക അവകാശങ്ങളില്ല.
മൂന്ന്: താന്ത്രികാവകാശങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നതല്ല.
നാല് : ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലെ മേല്‍ശാന്തിമാരായി ഹിന്ദു സമൂഹത്തിലെ യോഗ്യതയുള്ളവര്‍ക്ക് ലഭിക്കുമാറാകണം.
അതിന് പുറമെ വേറെ ചില ആവശ്യങ്ങള്‍ കൂടി കോടതിയില്‍ ഉന്നയിച്ചിരുന്നു:
ഒന്ന്: പന്തളം രാജ കുടുംബത്തില്‍ നിന്ന് തിരുവാഭരണം ദേവസ്വം ബോര്‍ഡ് വീണ്ടെടുക്കണം. അത് വേണ്ടവിധം പരിശോധിച്ചു എല്ലാമുണ്ടോ എന്ന് ഉറപ്പാക്കണം.
രണ്ട് : അയ്യപ്പന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് മനസിലാക്കി നഷ്ടം ഈടാക്കാന്‍ നടപടി വേണം.
മൂന്ന്: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമനത്തിന് യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കണം; അതില്‍നിന്ന് നിയമനം നടത്തണം. നറുക്കെടുപ്പ് നടത്തുന്ന ഇന്നത്തെ രീതി ഉപേക്ഷിക്കണം.
ഇത് ഒരു ആസൂത്രിത നീക്കമായിരുന്നു എന്നുവേണം കരുതാന്‍. കഴിഞ്ഞ കുറേ നാളുകളായി തന്ത്രി കുടുംബത്തിനെതിരെ ആരോപണങ്ങളുമായി മാര്‍ക്‌സിസ്റ്റ് -മാവോയിസ്റ്റ് നേതാക്കള്‍ രംഗത്ത് വരുന്നുണ്ട്. തന്ത്രി എന്നാല്‍ വെറുമൊരു ജീവനക്കാരന്‍ മാത്രമാണ്; അദ്ദേഹം ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരന്റെ സ്ഥാനത്താണുള്ളത്……… ഇങ്ങനെയൊക്കെ വാദഗതികള്‍ ഉയര്‍ത്തിയിരുന്നു. യുവതി ക്ഷേത്രദര്‍ശനത്തിന് തയ്യാറായ പശ്ചാത്തലത്തില്‍ ശബരിമല നടയടച്ചു ശുദ്ധിക്രിയകള്‍ക്ക് തന്തി തയ്യാറായതും വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു. കോടതിവിധി അനുസരിച്ച് അത് ചെയ്യാന്‍ താന്ത്രിക്ക് അധികാരമില്ല എന്നതൊക്കെയാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞത്. തന്ത്രിയെ വെല്ലുവിളിക്കുന്ന രീതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നതും ഓര്‍മ്മിക്കുക. അതിന്റെയൊക്കെ ഭാഗാനമായിരുന്നോ കോടതിയിലെ ഈ കേസ് എന്ന് വ്യക്തമല്ല. എന്നാല്‍ അങ്ങിനെ കരുതുന്നവരുണ്ട് എന്ന് തീര്‍ച്ച.
പക്ഷെ കോടതി വിധി അത്തരക്കാര്‍ക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റെയാണ് വിധി എന്നത് പ്രധാനം. മറ്റൊന്ന്, അതില്‍ ഏറ്റവുംപ്രധാനം ആചാരങ്ങള്‍ അനുഷ്ടാനങ്ങള്‍ എന്നിവ സംബന്ധിച്ച വിഷയത്തില്‍ കോടതി എങ്ങിനെ ഇടപെടും എന്നത് ചൂണ്ടിക്കാണിക്കാന്‍ ഹര്ജിക്കാര്ക്കായില്ല എന്ന് കോടതി പറഞ്ഞതാണ് അതിലെ ഏറ്റവും പ്രധാന കാര്യം. എന്നാല്‍ അത് കേരളത്തിലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടില്ല. എന്തുകൊണ്ടാണോ ആവോ. സാധാരണനിലക്ക് അത് ഒരു വലിയ വാര്‍ത്ത ആവേണ്ടതായിരുന്നില്ലേ അത്?.
Post Your Comments