കല്‍പ്പറ്റ: തനിക്കും കുടുംബാംഗങ്ങള്‍ക്കും നേരെ വധഭീഷണിയുണ്ടെന്ന് ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റും ഊര് എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ കെ അമ്മിണി.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് വധഭീഷണിയെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നും അമ്മിണി ആവശ്യപ്പെട്ടു. വധഭീഷണിയെ തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
നവംബര്‍ 14ന് കോട്ടയത്ത് നടന്ന ജനാധിപത്യ അവകാശ കണ്‍വെന്‍ഷനിലാണ് മനിതി സംഘത്തോടൊപ്പം ശബരിമലയില്‍ പോകാന്‍ അമ്മിണി തീരുമാനിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 23ന് ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തി. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയും ആക്രമണവും കാരണം തിരികെ പോകുകയായിരുന്നു.
ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചെന്ന പേരില്‍ പലവിധത്തിലുള്ള ഉപദ്രവങ്ങളാണ് തനിക്കും കുടുംബത്തിനും നേരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
ഡിസംബര്‍ 31ന് അര്‍ദ്ധരാത്രി കളത്തുവയല്‍ അമ്പലക്കുന്നിലെ സഹോദരിയുടെ വീട് ആക്രമിക്കപ്പെട്ടുവെന്നും അക്രമികള്‍ തനിക്കെതിരെ വധഭീഷണി നടത്തുകയും കല്ലെറിയുകയും തെറിവിളിക്കുകയും ചെയ്‌തെന്ന് അമ്മിണി പരാതിയില്‍ പറഞ്ഞു. ഇക്കൂട്ടത്തില്‍ തനിക്ക് അറിയാവുന്നവര്‍ ഉണ്ടൈന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
Post Your Comments