Latest News

ഇന്ന് സംസ്ഥാനത്ത് കണ്ടത് ശബരിമല സന്നിധാനം കളങ്കപ്പെടുത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക ജനരോക്ഷം- അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം•ചിരപുരാതനമായ ആചാരം ലംഘിച്ച് പരിപാവനമായ ശബരിമല സന്നിധാനം കളങ്കപ്പെടുത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക ജനരോക്ഷമാണ് ഇന്ന് സംസ്ഥാനത്ത് കണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. നിര്‍ഭാഗ്യവശാല്‍ ഈ ജനരോക്ഷത്തിനിടെ ചിലസാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി രാഷ്ട്രീയ ദുരുദ്ദേശത്തോടെ അഴിച്ചുവിട്ട അക്രമത്തിന്റെ ഉത്തരവാദിത്വം ബിജെപിയില്‍ അടിച്ചേല്‍പിക്കുന്നത് ആരോഗ്യകരമല്ല.

പലയിടങ്ങളിലും, സംഘടിതമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ യാതൊരുപ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ഇന്നലെയും ഇന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത് അതാണ്. എന്നിട്ടും ബിജെപിയുടെ സത്യാഗ്രഹ പന്തലിലേക്കാണ് പോലീസ് ഗ്രനേഡ് എറിഞ്ഞത്. ഇന്നും പ്രകോപനത്തിന് കാരണമായത് സിപിഎംന്റെ പണിമുടക്ക് സ്വാഗതസംഘം ഓഫീസില്‍ നിന്ന് കല്ലേറ് ഉണ്ടായതാണ്. കല്ലേറില്‍ അനീഷ് എന്ന ആര്‍.എസ്.എസ് കാര്യവാഹകിന് ഗുരുതരമായി പരിക്കേറ്റൂ. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കര്‍ത്തവ്യനിര്‍വ്വഹണത്തിന് എത്തിയ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു എന്നത് ഖേദകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും, ശ്രമവും എല്ലാഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ബിജെപിയെ ബഹിഷ്‌കരിക്കാനുളള ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ തീരുമാനവും നിര്‍ഭാഗ്യകരമാണ്. ഒരു പക്ഷെ കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഇങ്ങനെ ഒരു മാധ്യമ ബഹിഷ്‌ക്കരണം ഇത് ആദ്യമായിരിക്കും. പൊതുസമൂഹത്തിനു പൊതുവേയും, മാധ്യമസമൂഹത്തിന് പ്രത്യേകിച്ചും ഇത് ഭൂഷണമല്ലന്ന് പറയേണ്ടതില്ലല്ലോ. രാഷ്ട്രീയ താല്‍പര്യങ്ങളുടെ ചട്ടുകമായി ചില മാധ്യമ പ്രവര്‍ത്തകര്‍ അധപതിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അഡ്വ.ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button