KeralaLatest News

സംഘപരിവാര്‍ നടപടി പ്രാകൃതവും രാജ്യദ്രോഹവുമാണെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം• സ്‌ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതിന്‌ നാട്ടില്‍ കാലപവും അക്രമവും കെട്ടഴിച്ചുവിടുന്ന സംഘപരിവാര്‍ നടപടി പ്രാകൃതവും രാജ്യദ്രോഹവുമാണെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സ്‌ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചതിന്‌ ഹര്‍ത്താല്‍ നടത്തുന്നത്‌ നിയമവാഴ്‌ചയെ വെല്ലുവിളിക്കലാണ്‌. ഇന്ത്യന്‍ ഭരണഘടനയോടുള്ള അവിശ്വാസപ്രഖ്യാപനമാണ്‌ ഇത്‌. ഭരണഘടന അനുശാസിക്കും പ്രകാരമാണ്‌ സ്‌ത്രീകള്‍ക്ക്‌ ദര്‍ശനാനുമതി സുപ്രീംകോടതി ഭരണഘടന ബഞ്ച്‌ അനുവദിച്ചത്.‌ അതുപ്രകാരം അയ്യപ്പദര്‍ശനം നടത്താന്‍ പോലീസും സര്‍ക്കാരും സംരക്ഷണം നല്‍കിയതിലൂടെ നിയമപരമായ കടമ നിറവേറ്റുകയായിരുന്നുവെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

ഒരു സ്‌ത്രീയേയും ശബരിമലയില്‍ കയറ്റില്ലെന്ന്‌ പ്രഖ്യാപിച്ച്‌ സമരത്തിനിറങ്ങിയ സംഘപരിവാറിന്‌ അതിന്‌ കഴിയാതെ വന്നതിലുളള ജാള്യത മറയ്‌ക്കാനാണ്‌ വ്യാപകമായ അക്രമം സംഘടിപ്പിക്കുന്നത്‌. ബുധനാഴ്‌ച ഉച്ച മുതല്‍ സെക്രട്ടേറിയറ്റിന്റെ മുന്നിലും, സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലും സംഘപരിവാര്‍ നടത്തുന്ന അഴിഞ്ഞാട്ടം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാന്നെന്നും കോടിയേരി പറഞ്ഞു.

അക്രമത്തിന്റെ ചിത്രങ്ങള്‍ മറച്ചുപിടിക്കാന്‍ മാധ്യമപ്രവര്‍ത്തകരെയും, അവരുടെ ക്യാമറാ സംഘങ്ങളെയും ക്രൂരമായി ആക്രമിക്കുകയാണ്‌. വനിതാമതിലിന്റെ വന്‍ വിജയത്തെ തുടര്‍ന്ന്‌ കാസര്‍ഗോഡും മറ്റും ചൊവ്വാഴ്‌ച വൈകിട്ട്‌ തലപൊക്കിയ ആക്രമണം സംസ്ഥാനത്തൊട്ടാകെ ആസൂത്രിതമായി വ്യാപിപ്പിച്ചിരിക്കുകയാണ്‌. പാര്‍ടി ഓഫീസുകള്‍ക്ക്‌ നേരെയും കടകള്‍ക്ക്‌ നേരെയും അക്രമം നടന്നു. തൊഴിലാളികളുടെ പണിമുടക്കുമായി ബന്ധപ്പെട്ട്‌ ഉയര്‍ത്തിയ പ്രചരണ ബോര്‍ഡുകളും, വ്യാപകമായി നശിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ സമാധാന ജീവിതം തകര്‍ക്കാനുള്ള ഈ നീക്കത്തെ അതിശക്തമായി ഒറ്റപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button