KeralaLatest News

ചെമ്പഴന്തിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റേയും ഡിജിറ്റല്‍ മ്യൂസിയത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു

ചെമ്പഴന്തി: കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം അലങ്കരിക്കുന്ന മഹാമനീഷിയായ ശ്രീനാരായണ ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു കണ്‍വെന്‍ഷന്‍ സെന്ററിന്റേയും ഡിജിറ്റല്‍ മ്യൂസിയത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. ജാതിയ്ക്കും മതത്തിനും അതീതമായ മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ ദര്‍ശനം ലോകത്തിനെ പഠിപ്പിച്ച മഹാഗുരു. അദ്ദേഹത്തിന്റെ ജീവചരിത്രവും, ദര്‍ശനവും ഇവിടെ സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും മനസിലാക്കി കൊടുക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും ഡിജിറ്റല്‍ മ്യൂസിയം രൂപകല്‍പന ചെയ്യുന്നത്. ഇതിനായി ഒന്നാം ഘട്ടത്തില്‍ 10 കോടി രൂപയുടെ പദ്ധതിയ്ക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.

ഇതിനായി ഒന്നാം ഘട്ടത്തില്‍ ഒരു രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഡിജിറ്റല്‍ മ്യൂസിയം എന്നിവയുടെ നിര്‍മ്മാണത്തിനായി 10 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ട്. വാസ്തുകലയുടെ തനത് ചാരുത നിലനിര്‍ത്തി ഒറീസയിലെ സ്തൂഭക്ഷേത്രം മാതൃകയിലാണ് ഈ മന്ദിരം രൂപകല്‍പന ചെയ്തിരിക്കുന്നത്. 1024 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഏകദേശം16000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹാളാണ് പ്രധാനമായും താഴെത്തെ നിലയില്‍ ഉദ്ദേശിക്കുന്നത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇന്നിവിടെ തുടക്കം കുറിക്കുന്നത്.

ശ്രീനാരായണഗുരു പില്‍ഗ്രിം സര്‍ക്യൂട്ടിന്റെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റാണ് ഈ പദ്ധതിക്ക് തുക അനുവദിച്ചിട്ടുള്ളത്.

കേരളം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ശ്രീനാരായണഗുരുദേവന്റെ ദര്‍ശനം മനസിലാക്കാന്‍ അവസരമൊരുക്കി പില്‍ഗ്രിം ടൂറിസത്തിന്റെ സാധ്യത കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ടൂറിസം വകുപ്പ് ശ്രീനാരായണ പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് എന്ന പദ്ധതി വിഭാവനം ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തിലാണ്22.11.2017-ന് അരുവിപ്പുറം, കുന്നംപുറം ക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, ശിവിഗിരി, കോലത്തുകരക്ഷേത്രം, ആനന്ദവല്ലീശ്വരം ക്ഷേത്രം, അണിയൂര്‍ക്ഷേത്രം,തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, കായിക്കര കുമാരനാശാന്‍ സ്മാരകം എന്നീ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി 302കോടി രൂപയുടെ Concept നോട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.

തുടര്‍ന്ന് 12.03.2018-ല്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം അരുവിപ്പുറം,കുന്നംപാറസുബ്രഹ്മണ്യക്ഷേത്രം,ചെമ്പഴന്തി ശ്രീനാരായണഗുരുകുലം,ശിവഗിരി നാരായണഗുരു ആശ്രമം, കായിക്കര കുമാരനാശാന്‍ സ്മാരകം, അണിയൂര് ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, കോലത്തുകരക്ഷേത്രം എന്നിവ ഒരു സര്‍ക്യൂട്ടാക്കി 118 കോടി രൂപയുടെ പുതുക്കിയ നിര്‍ദ്ദേശം സമര്‍പ്പിച്ചു. 11.8.2018-ല്‍ അരുവിപ്പുറം കുന്നംപാറ ശ്രീസുബ്രഹ്മണ്യക്ഷേത്രം,ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, ശിവഗിരി നാരായണഗുരു ആശ്രമം,കായിക്കര കുമാരനാശാന്‍ സ്മാരകം, അണിയൂര്‍ക്ഷേത്രം,തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം,കോലത്തുകരക്ഷേത്രം എന്നിവ ഉള്‍പ്പെട്ട 98.14 കോടി രൂപയുടെ പുതുക്കിയ പദ്ധതി സമര്‍പ്പിച്ചു.

5.10.2018-ല്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ശിവഗിരി ശ്രീനാരായണ ഗുരുമഠം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം,കുന്നംപാറ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം,അരുവിപ്പുറം ശിവക്ഷേത്രം,എന്നിവ ഉള്‍പ്പെടുത്തി 65.86 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു. വീണ്ടും 22.10.2018-ല്‍ ശ്രീനാരായണഗുരുമഠം,ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, കുന്നംപാറ സുബ്രഹ്മണ്യ ക്ഷേത്രം,അരുവിപ്പുറം ശിവക്ഷേത്രം എന്നീ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി 99.9കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു. ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് M/sമധുകുമാര്‍ ആര്‍ക്കിടെക്‌സ്-നെയാണ് ചുമതലപ്പെടുത്തിയത്. ഇതിന്റെ എല്ലാ ഘട്ടത്തിലും ബഹുമാനപ്പെട്ട ശിവഗിരി സ്വാമിമാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. മാത്രമല്ല അവരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ തുറന്ന മനസോടെ ചര്‍ച്ച ചെയ്യുന്നതിന് ഒരു വിമുഖതയും കാട്ടിയിട്ടില്ല. ഈ പദ്ധതി കേന്ദ്രഗവണ്‍മെന്റിനെ കൊണ്ട് അംഗീകരിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡയറക്ടര്‍ നേരിട്ട് കേന്ദ്ര ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരുടെ മുന്നില്‍ നിരവധി തവണ അവരുടെ നിര്‍ദ്ദേശ പ്രകാരം പ്രോജക്ട് പ്രസന്റേഷന്‍ നടത്തിയിട്ടുണ്ട്.

ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രടൂറിസം മന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനം സന്ദര്‍ശിച്ച അവസരത്തില്‍ ഈ പ്രോജക്ടിന് എത്രയും പെട്ടെന്ന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ടൂറിസം മന്ത്രി എന്ന നിലയില്‍ സംസ്ഥാന ഗവണ്‍മെന്റിന് വേണ്ടി ഞാന്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

പ്രോജക്ട് അനുവദിക്കുന്നതിന് വീണ്ടും കാലതാമസം നേരിട്ടപ്പോള്‍ കേന്ദ്ര ടൂറിസം മന്ത്രിയോട് അഭ്യര്‍ത്ഥിച്ച പ്രകാരം കേന്ദ്ര ടൂറിസം മന്ത്രിയും,കേന്ദ്ര മന്ത്രാലയ ഉദ്യോഗസ്ഥരും,ഞാനും സംസ്ഥാന ടൂറിസം സെക്രട്ടറി, ഡയറക്ടര്‍ എന്നവരും ചേര്‍ന്ന് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ 2018 ആഗസ്റ്റ് 8-ന് ഒരു അവലോകനയോഗവും ചേര്‍ന്നിരുന്നു. ഇത്തരത്തില്‍ ശ്രീനാരായണ പില്‍ഗ്രിം സര്‍ക്യൂട്ട് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ച് കിട്ടുന്നതിലേക്കായി നിരവധി ഇടപെടലുകളാണ് സംസ്ഥാന ടൂറിസം വകുപ്പ് നടത്തിയത്. ഈ പ്രോജക്ടിന് അന്തിമ അനുമതി നല്‍കുന്നതിന് മുന്നോടിയായി കേന്ദ്ര പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സ് (PMC) കേരളം സന്ദര്‍ശിച്ച അവസരത്തിലും ഈ പ്രോജക്ടില്‍ നിര്‍ബന്ധമായും ഉള്‍പ്പെടേണ്ട കേന്ദ്രങ്ങളെ സംബന്ധിച്ച് അവരെ ബോധ്യപ്പെടുത്തുകയുണ്ടായി. ശിവഗിരി മഠത്തിലെ സ്വാമിമാര്‍ കേന്ദ്രഗവണ്‍മെന്റില്‍ സ്വാധീനിച്ച് സംസ്ഥാന ഗവണ്‍മെന്റ് ഉള്‍പ്പെടുത്തിയ ശ്രീനാരായണഗുരു സര്‍ക്യൂട്ടിലെ ചില പ്രധാന കേന്ദ്രങ്ങളെ ഒഴിവാക്കിയെന്നാണ് മനസിലാക്കുന്നത്.

ഇത് സംബന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം നാളിതുവരെ സംസ്ഥാന സര്‍ക്കാരിന് ഒരു അറിയിപ്പും നല്‍കിയിട്ടില്ല. സ്വദേശി ദര്‍ശന്‍ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന ഗവണ്‍മെന്റിലൂടെ ആണെന്നിരിക്കെ നിലവിലുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടാണ് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ രീതി കേന്ദ്ര ടൂറിസം മന്ത്രാലയം സ്വീകരിക്കുന്നത് എന്നതുകൂടി ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.ശ്രീനാരായണ പില്‍ഗ്രിം സര്‍ക്യൂട്ട് എന്ന പദ്ധതി എപ്രകാരമാണ് ചിലര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചത് എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button