ശ്രീനാരായണീയർ ശിവഗിരി തീർത്ഥാടനത്തിന് മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ ചരിത്രം അറിയാമോ? അതിന്റെ പിന്നിലെ കഥ ഇതാണ്. ഒരിക്കൽ ശ്രീനാരായണ ഗുരുവിനോട് ഒരു ശിഷ്യൻ സ്വാമി കാവി ധരിക്കണം എന്ന് അപേക്ഷിക്കുകയുണ്ടായി. അതിന്റെ യഥാർത്ഥ ഉദ്ദേശ്യം സദുദ്ദേശ്യം ആയിരുന്നു. പുറംമോടിയില്‍ മയങ്ങുന്ന ലോകം തങ്ങളുടെ ഗുരുവിനെ തിരിച്ചറിയാതെ അപമാനിക്കുമോ എന്ന ഭയമായിരുന്നു ശിഷ്യന്. ശിഷ്യൻ ഗുരുവിനെക്കൊണ്ട് അദ്ദേഹത്തിൻറെ ശ്രീലങ്കൻ യാത്രക്ക് മുൻപ് കാവി ധരിപ്പിക്കുകയും ചെയ്തു.
എന്നാൽ ശിഷ്യന്റെ നിർബന്ധത്തിനു വഴങ്ങിയ ഗുരു, ശിഷ്യനോട് ഒരു കുസൃതി ചോദ്യം ചോദിച്ചു.സ്ഥിരമായി കാവി വസ്ത്രം നാം ധരിക്കാം ആരെങ്കിലും അത് എനിക്കെടുത്തു തരൂ. എന്നാൽ അക്കൂട്ടത്തിൽ ഗുരുവിനു കാവിയെടുത്തു കൊടുക്കാൻ യോഗ്യരായ ഗുരുവിനേക്കാൾ വലിയ സന്യാസിമാർ ആരും ഉണ്ടായിരുന്നില്ല. ശിഷ്യരുടെ നാവിൽ പല പ്രശസ്തരുടെ പേരുകളും ഉയർന്നു. എന്നാൽ ഗുരുവിനു സന്ന്യാസം നൽകാൻ യോഗ്യരായവർ അതിലില്ലെന്നു അവർക്ക് വേഗം തിരിച്ചറിയാനായി.”പരംപൊരുളിന് ആശ്രമധര്‍മ്മം സ്വയം വരിക്കാനേ സാധിക്കൂ” എന്ന് പറഞ്ഞു ശിഷ്യന്മാർ ഗുരുവിനു മുന്നിൽ മുട്ടുകുത്തി.
എന്തായാലും ഒരു കുസൃതി ചിരിയോടെ ഗുരു സിലോൺ യാത്രയിൽ കാവി ധരിച്ചാണ് പോയത്. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ വസ്ത്രം വന്നതിന്റെ കാരണം ആൾക്കൂട്ടത്തിൽ പെട്ടെന്ന് ഇവരെ തിരിച്ചറിയാൻ ഒരു വസ്ത്രം എന്ന ചർച്ച ഉയർന്നപ്പോളാണ്. തീർത്ഥാടനം നടക്കുന്ന മാസങ്ങളിൽ പ്രഭാതത്തിലെ മഞ്ഞു വീഴ്ച കാരണം വഴിപോക്കര്‍ക്കും വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകരെ തിരിച്ചറിയാന്‍ എളുപ്പമാവും എന്ന കാരണം മാത്രമാണ്.
അന്നത്തെ മഞ്ഞ വസ്ത്രം എന്നാൽ മഞ്ഞളിൽ മുക്കിയ വസ്ത്രം ആണ്. ഇത് യാത്രക്കിടെ ബാധിക്കാവുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും എന്നതായിരുന്നു ഉദ്ദേശ്യം.ഗുരുവില്‍ ആശ്രയംകണ്ടെത്തുന്നവര്‍ ഗുരുവിനെ മഞ്ഞപുതപ്പിച്ചിരുത്താനല്ല നോക്കേണ്ടത്. മഞ്ഞയെ ജാതിചിഹ്നമായി ഉപയോഗിക്കാതെ ദൂരക്കാഴ്ചയ്ക്ക് സഹായിക്കുന്ന വഴികാട്ടിയായി സ്വയം പുതയ്ക്കുക എന്നതാണ് ഈ മഞ്ഞ വസ്ത്ര ധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
Post Your Comments