പ്രളയത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരായെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ പി.സദാശിവം രംഗത്ത്.പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 3,000 കോടി രൂപ ലഭിച്ചിട്ടും ആകെ ചിലവഴിച്ചത് 1,200 കോടി രൂപയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുനര്‍നിര്‍മ്മാണത്തില്‍ രാഷ്ട്രീയം ചേര്‍ക്കുന്നത് ശരിയല്ലെന്നും രണ്ട് കൊല്ലത്തേക്കെങ്കിലും സര്‍ക്കാര്‍ ചിലവ് ചുരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ പ്രളയം പാതിയെങ്കിലും മനുഷ്യനിര്‍മ്മിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം രക്ഷാപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തില്‍ ഇടപെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പി.സദാശിവം.പ്രളയത്തെ അതിജീവിച്ച കാര്യത്തില്‍ ഇന്ത്യയ്ക്ക് തന്നെ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തെ കൈപിടിച്ച് കരകയറ്റാന്‍ ഇവിടുത്തെ അവസ്ഥ ബോധ്യപ്പെടുത്തി സഹായം ലഭ്യമാക്കാന്‍ എം.പിമാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments