പത്തനംതിട്ട: മണ്ഡല - മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ നിലപാട് വ്യക്തിപരമാണെന്ന് ബോര്‍ഡംഗം കെ.പി.ശങ്കരദാസ്. പ്രസിഡന്റിന്റെ അഭിപ്രായം ബോര്‍ഡിന്റേതല്ല. ബോര്‍ഡിന് അങ്ങനെയൊരു നിലപാടെടുക്കാന്‍ സാധിക്കില്ല. ഇക്കാര്യം ബോര്‍ഡ് അംഗങ്ങളോട് ആലോചിച്ചിട്ടുമില്ല. യുവതികള്‍ വരരുതെന്ന് ബോര്‍ഡ് അഭിപ്രായം പറഞ്ഞാല്‍, യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടസപ്പെടുത്തുന്നതിന് തുല്യമാകുമെന്നും ശങ്കർദാസ് ഓർമ്മിപ്പിച്ചു.
വിശ്വാസികളല്ലാത്ത യുവതികൾ വലിയ പബ്ലിസിറ്റി കൊടുത്തു വരുന്നത് സംഘര്‍ഷത്തിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം അനുവദിക്കണമെന്നാണ് സുപ്രീംകോടതി വിധി. എന്നാല്‍ യുവതികള്‍ ശബരിമലയിലേക്ക് വരണമെന്ന് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ആവശ്യപ്പെടുന്നില്ല. മണ്ഡലകാലത്ത് എത്രയോ യുവതികൾ ആരുമറിയാതെ വന്നു ദർശനം നടത്തിയിട്ടുണ്ടാവാമെന്നും അദ്ദേഹം സൂചന നൽകി.
ശബരിമലയിലേക്ക് കുറേ യുവതികള്‍ വന്നപ്പോഴാണ് മനിതി എന്ന സംഘടനയെപ്പറ്റി മലയാളികള്‍ അറിയുന്നത്. മാദ്ധ്യമങ്ങളെയും പൊലീസിനെയും അറിയിച്ച് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ച് വരുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല. മനിതികള്‍ ആഗ്രഹിക്കുന്നത് അവരുടെ സംഘടനയുടെ പബ്ളിസിറ്റിയാണ്. അവര്‍ ശബരിമലവരെ വന്നത് ജീന്‍സും ഷര്‍ട്ടും ധരിച്ചാണ്.
പമ്പയിലെത്തിയ ശേഷമാണ് കറുപ്പണിഞ്ഞത്. അവരുടെ ഉദ്ദേശം വിശ്വാസത്തോടെയുള്ള ദര്‍ശനമല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും ശങ്കർ ദാസ് കൗമുദി ഫ്ളാഷിനോട് പറഞ്ഞു. കൂടാതെ ശങ്കർ ദാസ് പോലീസിനെ പ്രശംസിക്കുകയും ചെയ്തു.
Post Your Comments