പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയം വിവാദമായതിനു കാരണം പിണറായി വിജയൻറെ ധാർഷ്ട്യവും, പിടിവാശിയും മൂലമാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സുപ്രീം കോടതി വിധിയില്‍ എടുത്തു ചാടിയുള്ള നടപടി സ്വീകരിക്കരുതെന്ന് പറഞ്ഞിരുന്നു. സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാചര്‍ച്ചയിലാണ് ഇക്കാര്യം പദ്മകുമാര്‍ പറഞ്ഞത്.
പ്രത്യാഘാതം ഏറെ ഉണ്ടാകുന്നതിനാല്‍ വിധി വന്ന നാളുകളില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും പദ്മകുമാര്‍ സൂചിപ്പിച്ചു. അതേസമയം കണ്ണൂര്‍ ജില്ലക്കാരനല്ലാത്തതിനാലാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടി തരാതിരുന്നതെന്നും പദ്മകുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയതായും പദ്മകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പദ്മകുമാറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിനേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്തിയതിന്റെ വാര്‍ഷിക ദിനത്തില്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് നവോത്ഥാന കേരളം പിന്മാറി. കോടതി ഉത്തരവില്ലാതെ വന്നാല്‍ പ്രതിഷേധക്കാരല്ല, തങ്ങളാകും തടഞ്ഞ് തിരിച്ചയക്കുകയെന്നു പൊലീസ് വ്യക്തമാക്കിയതോടെയാണു ഇത്.
വിഷയവുമായി ബന്ധപ്പട്ട് ആലപ്പുഴയില്‍ വാര്‍ഷിക പരിപാടി സംഘടിപ്പിക്കാനാണ് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ തീരുമാനം. ജനുവരി രണ്ടിന് ശബരിമല യുവതീപ്രവേശനത്തിന്റെ ഒന്നാം വാര്‍ഷികം നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ആലപ്പുഴയില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നതിനൊപ്പം ഭാവിപരിപാടികള്‍ പ്രഖ്യാപിക്കുന്നുമുണ്ട്.
എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തില്‍ നിന്നു ഞങ്ങള്‍ പിന്നോട്ടില്ല. ജനുവരി രണ്ടിന് സുരക്ഷ നല്‍കാന്‍ പൊലീസ് വിസമ്മതിക്കുന്നതിനാല്‍ ഞങ്ങള്‍ തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തന്നെ ശബരിമല പ്രവേശനത്തിന് ശ്രമിക്കും. മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ഒരു ദീര്‍ഘകാല അജണ്ടയായി ഞങ്ങള്‍ ഈ സമരം തുടരുമെന്ന് കൂട്ടായ്മ പ്രഖ്യാപിക്കുന്നു.
Post Your Comments