മലപ്പുറം: ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ കാണാനില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ. ജീവന് ഭീഷണിയുളളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറി നില്‍ക്കുന്നതെന്ന് കനകദുര്‍ഗ വ്യക്തമാക്കി. 24 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് വ്യാജ പ്രചാരണത്തിനെതിരെ കനകദുര്‍ഗ എത്തിയത്.
കനക ദുര്‍ഗയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസിൽ പരാതി നല്‍കിയിരുന്നു. തന്റെ അറിവോടെയല്ല കനകദുര്‍ഗ ശബരിമലയിലേക്ക് പോയതെന്ന് ഭര്‍ത്താവ് കൃഷ്ണനുള്ളി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ യോഗത്തിനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്, മാധ്യമങ്ങളിലൂടെയാണ് ശബരിമലയിലെത്തിയ വിവരം അറിഞ്ഞതെന്നാണ് കുടുംബം പറഞ്ഞത്.
‘ഞാനും ബിന്ദുവും സുരക്ഷിതമായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഉള്ളത്. പോലീസ് കസ്റ്റഡിയില്‍ അല്ല. ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. അതുപോലെ ജീവന് ഭീഷണിയുള്ളതുകൊണ്ട് വീട്ടിലേക്ക് പെട്ടെന്ന് മടങ്ങിപ്പോകാന്‍ സാധ്യമല്ലാത്തതിനാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നതാണ്. അതുവരെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കും’ എന്നായിരുന്നു ഇവരുടെ വിശദീകരണം.
Post Your Comments