KeralaLatest News

സാലറി ചലഞ്ചിനായി വീണ്ടും ശമ്പളം പിടിക്കുന്നു; പരിഹാരം നിര്‍ദേശിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ശമ്പളമല്ലാതെ മറ്റു തരത്തില്‍ സംഭാവന നല്‍കിയ ജീവനക്കാരില്‍നിന്ന് സാലറി ചലഞ്ചിനായി വീണ്ടും ശമ്പളം പിടിക്കുന്നു. കൂടാതെ സമ്മതപത്രം നല്‍കാത്തവരില്‍നിന്ന് ശമ്പളം ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇവ എത്രയും വേഗം പരിഹരിക്കണമെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കി.

സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതി വിധി വന്നിരുന്നു.  വിജ്ഞാപനത്തിന്റെ പത്താം വകുപ്പാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നത്. ഈ വിധിക്കതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.

പ്രോവിഡന്റ് ഫണ്ട്, അവധി ആനൂകൂല്യം തുടങ്ങിയ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജീവനക്കാരെ അനുവദിച്ചിരുന്നു. ഇങ്ങനെ സംഭാവന നല്‍കിയവരില്‍നിന്നും വീണ്ടും പണം ഈടാക്കാന്‍ തുടങ്ങി. പോലീസ് വകുപ്പിലാണ് ഇത്തരത്തില്‍ വീണ്ടും ശമ്പളം പിടിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് പോലീസ് അസോസിയേഷന്‍ ഇതേകുറിച്ച് ധനവകുപ്പിന് പരാതി നല്‍കുകയായിരുന്നു.

ശമ്പള വിതരണ ഓഫീസര്‍മാര്‍ സ്പാര്‍ക് സോഫ്റ്റ് വെയറില്‍ തെറ്റായ ഓപ്ഷന്‍ തിരഞ്ഞെടുത്തതാണ് കാരണമെന്ന് ധനവകുപ്പ് വിശദീകരിച്ചു. ആദ്യം സാലറി ചലഞ്ചില്‍ പങ്കെടുക്കുകയും പിന്നീട് അതില്‍നിന്ന് പിന്മാറുകയും ചെയ്തവര്‍ക്ക് വീണ്ടും പങ്കെടുക്കാന്‍ അവസരം നല്‍കുന്നവിധം സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താനും നിര്‍ദേശം നല്‍കി. കൂടാതെ പരാതികള്‍ പരിഹരിക്കാന്‍ സ്പാര്‍ക് വിഭാഗത്തെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button