മലപ്പുറം: മതിയായ ചികിത്സ ലഭിക്കാതെ ഒന്നരവയസുകാരി ട്രെയിനില്‍ അമ്മയുടെ മടിയില്‍ കിടന്നു മരിച്ചു. അതേസമയം റെയില്‍വെ ഉദ്യോഗസ്ഥരുടെ അവഗണനയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി ഹൗസില്‍ ഷമീര്‍, സുമയ്യ ദമ്പതികളുടെ മകള്‍ മറിയമാണ് മരിച്ചത്. ഹൃദ്രോഗ ബാധിതയായ മറിയത്തിനെ വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് ദാരുണ സംഭവം ഉണ്ടായത്.
ഒരുമാസം മുമ്പാണ് ശ്രീചിത്രയില്‍ വച്ച് മറിയത്തിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ കഴിഞ്ഞദിവസം പനി ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ തന്നെയുള്ള ആശുപത്രിയില്‍ കുഞ്ഞിനെ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മറിയത്തിനേയും കൊണ്ട് മാതാപിതാക്കള്‍ കണ്ണൂരില്‍ നിന്ന് യാത്ര തിരിച്ചത്. എന്നാല്‍ റെയില്‍വെ സ്റ്റേഷനില്‍ ചെന്നപ്പോള്‍ ജനറല്‍ ടിക്കറ്റ് മാത്രമാണ് ലഭിച്ചത്. ജനറല്‍ കോച്ചില്‍ കുട്ടിയെ കൊണ്ടുപോകുന്നത് അപകടമാതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ കയറുകയായിരുന്നു. എന്നാല്‍ മതിയായ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് പരിശോധകര്‍ ഓരോ സ്റ്റേഷനിലും ഇറക്കിവിടുകയായിരുന്നു ഒടുവില്‍ ഗത്യന്തരമില്ലാതെ സുമയ്യ ലേഡീസ് കംപാര്‍ട്ട്മെന്റിലും ബഷീര്‍ ജനറല്‍ കോച്ചിലും കയറി.
എന്നാല്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. ഇതു കണ്ട മറ്റു യാത്രക്കാര്‍ ങ്ങല വലിച്ച് നിറുത്തി. തുടര്‍ന്ന് റെയില്‍വെ പോലീസ് എത്തി ആബുലന്‍സില്‍ കുട്ടിയെ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് തന്നെ കുട്ടി മരിച്ചെന്നും തുടര്‍ച്ചയായി കോച്ചുകള്‍ മാറി കയറിയതാവാം മരണ കാരണമെന്നും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു.
Post Your Comments