ടെന്നസി : ക്രിസ്മസ് ആഘോഷത്തിനിടെ വീടിന് തീപിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. യുഎസിലെ കോളിയര്‍വില്ലില്‍ ക്രിസ്മസിനു രണ്ടുദിവസം മുന്‍പാണ് വീട്ടില്‍ തീപിടിത്തം ഉണ്ടായത്. മരിച്ച നാലു പേരില്‍ മൂന്നു പേര്‍ ഇന്ത്യന്‍ വംശജരായ കുട്ടികളെന്നാണ് റിപ്പോര്‍ട്ട്. കാരി കുഡ്രയിറ്റ് എന്ന യുവതിയും ഷാരോണ്‍ (17), ജോയി (15), ആരോണ്‍ (14) എന്നീ കുട്ടികളുമാണു മരിച്ചത്. ഇന്ത്യയില്‍നിന്നുള്ള നായ്ക് കുടുംബത്തിലെ സഹോദരങ്ങളാണു തീപിടിത്തത്തില്‍ മരിച്ചതെന്ന് കോളിയര്‍വില്ലി ബൈബിള്‍ ചര്‍ച്ച് പ്രസ്താവനയില്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്.
കുഡ്രയിറ്റിന്റെ വീട്ടില്‍ പ്രാദേശിക സമയം രാത്രി 11 മണിക്കാണു തീപിടിത്തമുണ്ടായത്. മൂന്നു കുട്ടികള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ത്യയില്‍ നിന്നുള്ള മതപ്രചാരകരാണു നായിക് കുടുംബം. പൊള്ളലേറ്റ കാരിയുടെ ഭര്‍ത്താവ് ഡാനി, മകന്‍ കോള്‍ എന്നിവര്‍ ചികില്‍സയിലാണ്. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ നേരേദുഗൊമ്മുവിലെ ശ്രീനിവാസ് നായ്ക്‌സുജാത ദമ്പതികളുടെ മക്കളാണു പൊള്ളലേറ്റു മരിച്ചത്.
യുഎസില്‍ പാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്ന ശ്രീനിവാസ് കഴിഞ്ഞ വര്‍ഷമാണ് നല്‍ഗൊണ്ട ജില്ലയിലേക്കു തിരികെയെത്തിയത്. ഫ്രഞ്ച് ക്യാംപ് അക്കാദമിയിലെ പഠനത്തിനായാണു കുട്ടികള്‍ യുഎസിലെത്തിയത്. 20-30 മിനിറ്റുകള്‍ക്കുള്ളില്‍ തീ നിയന്ത്രണ വിധേയമായെങ്കിലും നാലു പേര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ‘സ്‌മോക് ഡിറ്റക്ഷന്‍’ സംവിധാനം ഇല്ലായിരുന്നെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഗ്‌നിരക്ഷാ സേന എത്തുന്നതിനു മുന്‍പ് അയല്‍ക്കാരന്റെ സഹായത്തോടെയാണ് കാരിയുടെ മകനും ഭര്‍ത്താവും കെട്ടിടത്തിനു പുറത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments