കുവൈറ്റ് : കുവൈറ്റില്‍ കാലാവസ്ഥാ മാറുന്നു. ഡിസംബര്‍ 31 തിങ്കളാഴ്ച മുതല്‍ അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്. പ്രമുഖ ഗോളശാസ്ത്രജ്ഞന്‍ ആദില്‍ അല്‍ മര്‍സൂഖ് ആണ് തിങ്കളാഴ്ച മുതല്‍ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ജനുവരി ആദ്യവാരത്തോടെ കാലാവസ്ഥ അതി ശൈത്യത്തിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രമുഖ ഗോള നിരീക്ഷകനും കാലാവസ്ഥാ നിരീക്ഷകനുമായ ആദില്‍ അല്‍ മര്‍സൂഖ് ഇക്കാര്യം പറഞ്ഞത്. ചിലപ്പോള്‍ ശക്തമായും മറ്റ് ചിലപ്പോള്‍ നേരിയ തോതിലും അടിച്ചുവീശുന്ന വടക്കന്‍ കാറ്റാണ് തണുപ്പിന്റെ കാഠിന്യം കൂട്ടുന്നത്. പുതുവര്‍ഷാരംഭത്തോടെ അന്തരീക്ഷ ഊഷ്മാവ് വീണ്ടും കുറഞ്ഞ് രാജ്യം അധിശൈത്യത്തിലേക്ക് വഴിമാറാന്‍ സാധ്യതയുണ്ട്. ജനുവരി രണ്ട് മുതല്‍ ആരംഭിക്കുന്ന ഈ പ്രതിഭാസം രണ്ടാഴ്ച തുടര്‍ന്നേയ്ക്കാം.
ഈ ദിവസങ്ങളില്‍ പുലര്‍കാലത്ത് അന്തരീക്ഷ ഊഷ്മാവ് രണ്ടു ഡിഗ്രി സെല്‍ഷ്യസിനും എട്ടു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ജനുവരി 14 മുതല്‍ കാലാവസ്ഥ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും ആദില്‍ അല്‍ മര്‍സൂഖ് പറഞ്ഞു. കാലാവസ്ഥാ മാറ്റം മുന്നില്‍ കണ്ടു ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാതെ ആളുകള്‍ പുറത്തിറങ്ങരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Post Your Comments