KeralaLatest News

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ദീപാ നിഷാന്ത് : ഇത്തവണ ആക്രമണം ജന്മഭൂമി പത്രത്തിനെതിരെ

തൃശ്ശൂര്‍ : കവിത മോഷണ വിവാദത്തിന് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണവുമായി ദീപാ നിഷാന്തെത്തി. മുഖ്യമന്ത്രിക്കെതിരെ ജന്മഭൂമിയില്‍ അച്ചടിക്കപ്പെട്ട വിവാദ കാര്‍ട്ടുണിനെ പരിഹസിച്ചാണ് ഇത്തവണ ദീപയുടെ കുറിപ്പ്. സംഘപരിവാര്‍ അനുകൂല പത്രമായ ജന്മഭൂമിയെ രൂക്ഷമായ വാക്കുകളിലാണ് ദീപ വിമര്‍ശിക്കുന്നത്. ‘തെങ്ങു കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം! ‘ എന്ന വാചകം കേരളീയ സാംസ്‌കാരികപൊതുബോധത്തെ സംബന്ധിച്ചിടത്തോളം അത്ര അത്ഭുതകരമായ ഒരു വാചകമേയല്ല . ‘ചെറ്റ ‘യും ‘പുലയാടി ‘ യും ‘കഴുവേറി’യും ‘തോട്ടി’ യും ‘കാട’നും ‘അമ്പട്ട’നും തെറിപ്പദങ്ങളായി ഉപയോഗിക്കുന്നവര്‍ക്ക് ഈ വാചകത്തില്‍ ഒരു പ്രശ്‌നവും തോന്നേണ്ട കാര്യവുമില്ല,. ടോയ്‌ലറ്റ് പേപ്പറിന്റെ നിലവാരം പോലുമില്ലാത്ത ഒരു പത്രത്തില്‍ വന്ന കാര്‍ട്ടൂണല്ല പ്രശ്‌നം. ആ പൊതുബോധമാണ്. ആ പൊതുബോധം തന്നെയാണ് വിചാരണ ചെയ്യപ്പെടേണ്ടതും.എന്നും പറഞ്ഞാണ് ദീപ നിഷാന്ത് പോസ്റ്റ് ആരംഭിക്കുന്നത്.

ദീപാ നിഷാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“തെങ്ങു കേറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം! ” എന്ന വാചകം കേരളീയ സാംസ്കാരികപൊതുബോധത്തെ സംബന്ധിച്ചിടത്തോളം അത്ര അത്ഭുതകരമായ ഒരു വാചകമേയല്ല . ‘ചെറ്റ ‘യും ‘പുലയാടി ‘ യും ‘കഴുവേറി’യും ‘തോട്ടി’ യും ‘കാട’നും ‘അമ്പട്ട’നും തെറിപ്പദങ്ങളായി ഉപയോഗിക്കുന്നവർക്ക് ഈ വാചകത്തിൽ ഒരു പ്രശ്നവും തോന്നേണ്ട കാര്യവുമില്ല,. ടോയ്ലറ്റ് പേപ്പറിന്റെ നിലവാരം പോലുമില്ലാത്ത ഒരു പത്രത്തിൽ വന്ന കാർട്ടൂണല്ല പ്രശ്നം. ആ പൊതുബോധമാണ്. ആ പൊതുബോധം തന്നെയാണ് വിചാരണ ചെയ്യപ്പെടേണ്ടതും.

“ചോവൻ ചെത്താൻ പോകട്ടെ!
തമ്പ്രാൻ നാടു ഭരിക്കട്ടെ!” -എന്ന കാഴ്ചപ്പാട് തന്നെയാണ് ഇത്തരം കാർട്ടൂണുകൾ ഉൾപ്പേറുന്നത്. ജാതി-ജന്മി-നാടുവാഴി കാലഘട്ടത്തിൽ നിന്നും മലയാളി നടന്നുതീർത്ത കുറെ വഴികളുണ്ട്. ആ വഴികളെ മൊത്തം നിരാകരിച്ചുകൊണ്ടുള്ള ഇത്തരം ദുർഗന്ധച്ചിരികളിൽ നിന്ന് അകന്നു നിന്നുകൊണ്ടുവേണം മനുഷ്യർ സംസാരിക്കാൻ.

ഇത്തരം ദുർഗന്ധച്ചിരികൾക്ക് ഏറെ കാലപ്പഴക്കമുണ്ട്. അതിനൊരു സാർവ്വകാലിക സ്വഭാവവുമുണ്ട്. ‘നമ്മൾ ശ്വസിക്കുന്ന വായുവൊന്ന്, കുടിക്കുന്ന വെള്ളമൊന്ന്, നിലവിളിക്കുന്ന ഭാഷയൊന്ന്, മുറിഞ്ഞാലൊഴുകുന്ന ചോരയൊന്ന് ‘ എന്നൊക്കെയുള്ള ‘വ്യാജ’ഐക്യ ബോധത്തിനപ്പുറം ഇപ്പോഴും ഒന്നാകാത്ത ചിലതുണ്ട്. അത് പലരിൽനിന്നും ഇപ്പോഴും പുളിച്ചു തികട്ടുന്നുമുണ്ട്. അത്തരം പുളിച്ചു തേട്ടലുകളുടെ ഭിന്നമുഖങ്ങൾ ചുറ്റിലും നാം നിത്യേന കാണുന്നുണ്ട്.

അത് നമ്മുടെ ഞായറാഴ്ചപ്പത്രങ്ങളിലെ മാട്രിമോണിയൽ കോളത്തിലുണ്ട്. അടുത്തിരിക്കുന്നവന്റെ എസ് എസ് എൽ സി ബുക്കിലെ ഒന്നാം പേജിലെ ജാതിക്കോളത്തിലേക്ക് ഏറു കണ്ണിട്ടു നോക്കുന്നവനിലുണ്ട്. ഉത്തരാധുനിക കഥാകൃത്തിന്റെ മൈക്കിനു മുമ്പിലെത്തുമ്പോഴുള്ള ‘കീഴാളസൗഹൃദ സ്മരണകളി’ലുണ്ട്. ജാതിയിൽ താണ കൂട്ടുകാരൻറെ വീട്ടിൽനിന്നും താൻ കഴിച്ച ചാളക്കറിയുടെ സ്വാദു പറഞ്ഞുള്ള ‘അമ്പട ഞാനേ!’ നൊസ്റ്റിവിരേചനത്തിലുണ്ട്. അത്ര ‘പന്തി’യല്ലാത്ത ചില ‘ഭോജന’ ങ്ങളെക്കുറിച്ചുള്ള പ്രിവിലേജ് ഛർദ്ദികളിലുണ്ട്.

എത്ര തൂത്തെറിഞ്ഞാലും വിട്ടുപോകാത്ത ഒരു സാംസ്കാരികശക്തിയാണ് ഇന്നും ജാതി. അതുകൊണ്ടാണ് നമ്പൂരി പാടത്തിറങ്ങി ചേറിൽ കുളിച്ചു നിൽക്കുന്നത് നമുക്കിപ്പോഴും നാലുകോളം വാർത്തയാകുന്നത്. തോട്ടിയുടെ മകൻ കളക്ടറാകുന്നത് അത്ഭുതമാകുന്നതും അതുകൊണ്ടുതന്നെയാണ്.

ഒരു ശരാശരി മലയാളി ഇപ്പോഴും ഒരു ‘ജാതി’ മനുഷ്യൻ തന്നെയാണ്. പ്രദീപൻ പാമ്പിരിക്കുന്ന് പറഞ്ഞപോലെ ,”വീട്ടിലേക്ക് തിരിച്ചു ചെല്ലുന്ന ഒരാൾ ജാതിയിലേക്ക് തന്നെയാണ് തിരിച്ചു ചെല്ലുന്നത്. അവിടെ നടക്കുന്നതും നടക്കാനിടയുള്ളതുമായ എല്ലാ ചടങ്ങുകളും മുമ്പത്തേതിനേക്കാൾ ജാതീയവും മതപരവുമാണ്. ‘ചോറൂണ് ‘, ‘ വിവാഹം ‘, ‘വിവാഹനിശ്ചയം’, ‘ ഗൃഹപ്രവേശം’ തുടങ്ങിയവയെല്ലാം ജാതിയാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു .റെയിൽവേ സ്റ്റേഷനിലോ സിനിമാതിയേറ്റർ ക്യൂവിലോ മാർക്കറ്റിലോ മാത്രം അവരിൽ ജാതിരഹിത ബോധം പ്രവർത്തിക്കുന്നു.”

‘ജാതിരഹിതസമൂഹം’ എന്നതൊക്കെ നമുക്കിപ്പോഴും കേൾക്കാനിമ്പമുള്ള ഒരു സമസ്തപദം മാത്രമാണ്. മലയാളിയുടെ വരേണ്യബോധത്തിനും കീഴാള അധിക്ഷേപത്തിനും ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും ഒരു മാറ്റവുമില്ല. ‘ലുലുമാൾ കണ്ട അട്ടപ്പാടിക്കാരൻ’ എന്ന തമാശയ്ക്ക് ആർത്തു ചിരിക്കാൻ നമുക്ക് കഴിയുന്നത് അതുകൊണ്ടാണ്. “ആദിവാസികളും ദലിതരുമായ ആളുകൾ വിദ്യാഭ്യാസം നേടുകയോ സമ്പന്നരാവുകയോ ചെയ്താൽ അവരുടെ ജാതിക്കാരെ വിവാഹം കഴിക്കാതെ മറ്റുള്ള ജാതിക്കാരെ തിരക്കിപ്പോകുന്നത് അവർക്ക് വെളുത്ത കുഞ്ഞുങ്ങളുണ്ടാകാനാണെ”ന്ന സവർണ ഛർദിയെ നമുക്ക് ന്യായീകരിക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെയാണ്.

നമ്മുടെ ചിരികളൊന്നും അത്ര നിഷ്കളങ്കമല്ല. മാനേജ്മെൻറിനെ ‘മൂക്കുകയർ ഇടു’മെന്ന് മുണ്ടശ്ശേരി പണ്ട് കേരളനിയമസഭയിൽ പ്രസംഗിച്ചപ്പോൾ “മന്ത്രി മുൻപ് കാളവണ്ടിക്കാരനായിരുന്നോ ?” എന്ന ചോദ്യം ഇപ്പോഴും നിയമസഭാചരിത്രത്തിലുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തി ,നിയമസഭാ പ്രസംഗത്തിനിടയിൽ ‘മിസ്റ്റർ ‘ ചേർത്ത് ഉയർന്ന ജാതിയിൽപ്പെട്ട യുവ എം എൽ എ യെ പേര് വിളിച്ചതിന് ”ഹമ്പട! ഇവനിത്രയ്ക്കായോ?’ എന്ന അമ്പരപ്പിൽ മൂക്കുംകുത്തി വീണ്, അദ്ദേഹത്തെ ‘ആറാട്ട് മുണ്ടനെ’ന്ന് അധിക്ഷേപിച്ച വ്യക്തിയെ നമ്മളിപ്പോഴും നിയമസഭയിലേക്ക് കയറ്റിയിരുത്തിയിട്ടുണ്ട്. അയാളുടെ വംശീയാധിക്ഷേപങ്ങൾക്കും മനുഷ്യ വിരുദ്ധതയ്ക്കും സ്ത്രീനിന്ദയ്ക്കുമെല്ലാം ഇപ്പോഴും കൂട്ടച്ചിരികളും കയ്യടികളും മുഴങ്ങുന്നുണ്ട്.[ആറാട്ട് മുണ്ടൻ എന്ന വാക്ക് അത്ര നിഷ്കളങ്കമൊന്നുമല്ല. ആറാട്ടിന് രാജാവെഴുന്നള്ളുമ്പോൾ രാജാവിന് കണ്ണു തട്ടാതിരിക്കാൻ ഉയരം കുറഞ്ഞ മുണ്ടനും വിരൂപമായ ആളെ വേഷം കെട്ടിച്ച് മുമ്പിൽ നടത്തിക്കും. അയാളെ വിളിക്കുന്ന പേരാണത്.]

മനുഷ്യവിരുദ്ധതയിലാണ് നമ്മുടെ പലവാക്കുകളും ചിരികളും ഉൽപാദിപ്പിക്കപ്പെടുന്നത്. ജാതി സമൂഹത്തിൽനിന്നും മനുഷ്യ സമൂഹത്തിലേക്ക് ഇനിയും എത്രയോ കാതം നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന ബോധം തന്നെയാണ് ഇത്തരം ചിരികൾ അക്കമിട്ടുറപ്പിക്കുന്നത്. ‘ശൂദ്രൻ ‘ എന്ന വാക്കിന് ‘ പത്തപ്പൻ മക്കൾ ‘ എന്നർത്ഥം കൊടുത്ത ഗുണ്ടർട്ട് നിഘണ്ടു ആണ് പലരുടെയും കയ്യിലിപ്പോഴുമുള്ളത്. ചായക്കടക്കാരൻ പ്രധാനമന്ത്രിയായതിനെയല്ല ലോകം കണ്ട ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നിനെ ‘every action there is an equal and opposite reaction !’എന്ന ന്യൂട്ടൻ സമവാക്യമുപയോഗിച്ച് നിസ്സാരവൽക്കരിച്ച വ്യക്തി പ്രധാനമന്ത്രിയായതിനെയാണ് വിമർശിക്കേണ്ടതെന്ന യുക്തിയൊന്നും പലർക്കും മനസ്സിലാകില്ല.

വൈദ്യശാസ്ത്രത്തിൽ റാങ്കുണ്ടായിരുന്ന മലയാളി പൽപ്പുവിന് ‘മൈസൂർ പൽപ്പു’വായി അറിയപ്പെടേണ്ടി വന്ന നാടാണിത്. ജാതിയിൽ താഴ്ന്ന കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിച്ചെന്ന് കേട്ടപ്പോഴേക്കും ബോധംകെട്ടു വീണ ഊന്നുപാറ നായരുടെ പ്രേതം ഇപ്പോഴുമിവിടെ കറങ്ങി നടപ്പുണ്ട്. അയിത്തക്കാരനായ വൈദ്യര് ചികിത്സിച്ച് അശുദ്ധമായി ജീവിക്കുന്നതിലും ഭേദം ശുദ്ധമായി മരിക്കുന്നതാണ് പറഞ്ഞ കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാട്ടിമാർ ഇപ്പോഴും മലയാളിയിലുണ്ട്. ജാതി സമൂഹത്തിൽനിന്നും മനുഷ്യസമൂഹത്തിലേക്കെത്താൻ ഇനിയുമേറെ നടക്കാനുണ്ടെന്നർത്ഥം. ആ നടത്തം പൂർത്തിയാകുമ്പോൾ മാത്രമേ നവോത്ഥാനം പൂർത്തിയാകൂ.

സവർണ്ണരഥവും ദളിതന്റെ വില്ലുവണ്ടിയും നേർക്കുനേർ നിൽക്കുന്ന ഒരു ചരിത്ര സന്ദർഭമാണിത്. അത്യന്തം ജാഗ്രത പാലിക്കേണ്ട ഈ ചരിത്രസന്ധിയിൽ “നിങ്ങൾ ഏതു ചേരിയിൽ? ” എന്ന പഴയ ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. വേണമെങ്കിൽ ഭൂതകാലജീർണ്ണതകളിലേക്കു നിങ്ങൾക്ക് കൂപ്പു കുത്താം. അവിടെ നിരവധി ചിരികൾ ഉണ്ട്. ഇനിയും നേരം വെളുക്കാത്തവരുടെ പൊട്ടിച്ചിരികൾ. സവർണ്ണരഥത്തിലേറി നിന്ന് ‘ഒരു ജാതി!’ ചിരി ചിരിക്കുന്നവർ. നിങ്ങൾ അവരോടൊപ്പം അപ്പുറത്ത് നിൽക്കുക. മനുഷ്യർ ഇപ്പുറത്തും നിൽക്കട്ടെ.

നിങ്ങൾക്കും മനുഷ്യർക്കുമിടയിൽ ഒരു മതിൽ എന്നേ ആവശ്യമാണ്!

https://www.facebook.com/photo.php?fbid=1044449392428423&set=a.195098990696805&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button