KeralaLatest News

ക്രിസ്മസ് വിപണിയില്‍ സുനാമി ഇറച്ചി വ്യാപകം: പിടികൂടിയത് 250 കിലോഗ്രാം

സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കു നല്‍കാനുള്ള ഇറച്ചിയാണ് പായ്ക്ക് ചെയ്തു വച്ചിരുന്നത്

കാക്കനാട്: ക്രിസ്മസ് ദിനത്തില്‍ പിപണികളില്‍ സുനാമി ഇറച്ചി വ്യാപകമാകുന്നു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം കുടിലിമുക്കിലെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 250 കിലോഗ്രാം പഴകിയ സുനാമി ഇറച്ചി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌ക്വാഡും തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗവും ചേര്‍ന്ന് പിടികൂടി. ക്രിസ്മസ്, പുതുവല്‍സര വിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയത്. ഒരു കിലോഗ്രാം ഇറച്ചി വീതമുള്ള 100 പായ്ക്കറ്റുകളും ഞായറാഴ്ച രാത്രി വാഹനത്തില്‍ എത്തിച്ച 150 കിലോഗ്രാം ഇറച്ചിയുമാണു ഇവിടെ നിന്നും കണ്ടെത്തിയത്.

രാത്രിയില്‍ ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ഇറച്ചിയുമായി എത്തിയ വാന്‍ നാട്ടുകാര്‍ തടയുകയായിരുന്നു. വാനില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം വമിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ വാന്‍ തടഞ്ഞത്. അതേസമയം പ്രധാന വിതരണക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിശോധന നടത്തുമ്പോള്‍ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലൈസന്‍സ് ഇല്ലാതെയാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്.

അതേസമയം നേരത്തേയും ഇവിടം കേന്ദ്രീകരിച്ച് കേടായ ഇറച്ചിയുടെ വില്‍പ്പന നടന്നിട്ടുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ മൊത്ത വിതരണക്കാര്‍ക്കു സൂനാമി ഇറച്ചി എത്തിച്ചു കൊടുക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇതിനു പിന്നിലുണ്ടെന്നാണും സംശയമുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കു നല്‍കാനുള്ള ഇറച്ചിയാണ് പായ്ക്ക് ചെയ്തു വച്ചിരുന്നത്.

മൂന്നു മാസം മുന്‍പാണ് ഇവര്‍ വീടു വാടകയ്‌ക്കെടുത്തത്. ഇറച്ചി വില്‍പനയാണെന്നു സംശയം തോന്നിയതോടെ വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ താക്കീത് ചെയ്തിരുന്നു. പകല്‍ പൂട്ടിക്കിടക്കുന്ന വീട്ടില്‍ രാത്രിയിലാണ് ഇറച്ചി എത്തിച്ച് പായ്ക്കിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. അതേസമയം പിടിച്ചെടുത്ത ഇറച്ചി കൂടുതല്‍ പരിശോധനയ്ക്കു ശേഷം നാളെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലോ അനുയോജ്യമായ മറ്റിടങ്ങളിലോ എത്തിച്ചു നശിപ്പിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button