![TAMIL-WOMEN-SABARIMALA](/wp-content/uploads/2018/12/tamil-women-sabarimala.jpg)
പമ്പ•ശബരിമല ദര്‍ശനത്തിന് ചെന്നൈയില്‍ നിന്നെത്തിയ ‘മനിതി’ സംഘം മല കയറിത്തുടങ്ങി. പമ്പയില്‍ മുങ്ങിക്കുളിച്ച ശേഷമാണ് ഇവര്‍ കനത്ത പോലീസ് സുരക്ഷയില്‍ മല നടന്നു കയറാന്‍ തുടങ്ങിയത്. ഇവരുടെ ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സ്വയം കെട്ടുനിറച്ചാണ് ഇവര്‍ സന്നിധാനത്തേക്ക് യാത്ര ആരംഭിച്ചത്.
പുലര്‍ച്ചെയോടെയാണ് ചെന്നൈയില്‍ നിന്നുള്ള 11 അംഗ സംഘം പമ്പയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെല്‍വി അറിയിച്ചു.
ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. ഇടുക്കിയിലും കോയമ്പത്തൂരിലും ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് റോഡ് മാര്‍ഗം പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തില്‍ പ്രവേശിച്ചത്.
കമ്പംമേട്ട് ചെക്ക്പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.
Post Your Comments